പെരുമ്പാവൂർ: നാരായണ ഗുരുകുല അദ്ധ്യക്ഷനും ഗുരുകുല പ്രസ്ഥാനങ്ങളുടെ പരമാചാര്യനും ഗുരുപരമ്പരയിലെ ഇപ്പോഴത്തെ ഗുരുവുമായ ഗുരുമുനി നാരായണ പ്രസാദിന്റെ ശതാഭിഷേകത്തോടനുബന്ധിച്ച് അന്തർദേശീയ തലത്തിൽ നടന്ന് വരുന്ന ഗുരുദർശന വിജ്ഞാന സദസ് ഇന്ന് രാവിലെ 10 ന് തൃപ്പൂണിത്തുറ നാരായണ ഗുരുകുലത്തിൽ നടക്കും. രാവിലെ ഹോമം, ഉപനിഷദ് പാരായണം എന്നിവക്ക് ശേഷം സ്വാമിനി ജ്യോതിർമയി ഭാരതി പ്രവചനം നടത്തും. വിജ്ഞാന സദസ് സി.എച്ച്. മുസ്തഫ മൗലവി സാഹിബ് ഉദ്ഘാടനം ചെയ്യും. പ്രൊഫ.ആർ. അനിലൻ അദ്ധ്യക്ഷത വഹിക്കും. ഡോ.എം.വി. നടേശൻ നാരായണ ഗുരുവിന്റെ വേദാന്ത സൂത്രത്തിനു മുനി ഗുരു എഴുതിയ വ്യാഖ്യാനം സംബന്ധിച്ച് പഠനക്ലാസ് നയിക്കും. മലയാറ്റൂർ നാരായണ ഗുരുകുലം കാര്യദർശി സ്വാമി ശിവദാസ്, തൃപ്പൂണിത്തുറ ഗുരുകുലം കാര്യദർശി രാജപ്പൻ, സ്വാമി വൈദ്യ ഗുരുകുലം ട്രസ്റ്റ് പി.ആർ.ഒ ജയരാജ് ഭാരതി, കെ.മോഹനൻ, ശതാഭിഷേകം ജില്ലാ കൺവീനർ പി.കെ.ഷിജു കുന്നത്തുനാട് താലൂക്ക് കൺവീനർ എം.വി. സുനിൽ, സത്യൻ തൃപ്പൂണിത്തുറ എന്നിവർ പങ്കെടുക്കും.