1

ഫോർട്ട്കൊച്ചി: പ്രമുഖ നാടക നടൻ അധികാരി വളപ്പ് സെന്റ് ജോസഫ് പള്ളിക്ക് സമീപം പനിക്ക വീട്ടിൽ പി.എം അബു (78) നിര്യാതനായി. വയലാർ നാടക വേദി, കൊച്ചിൻ ഹരിശ്രീ, ആറ്റിങ്ങൽ ദേശാഭിമാനി, അടൂർ ജയാ തിയേറ്റേഴ്സ്, ആശ കമ്മ്യൂണിക്കേഷൻസ് തുടങ്ങി ഒട്ടേറെ സമിതികളിൽ അഭിനയിച്ചിട്ടുണ്ട്. ചില സിനിമകളിലും സാന്നിദ്ധ്യമറിയിച്ചു. തിലകൻ, കെ.പി.എ.സി ബിയാട്രീസ്, അടൂർ പങ്കജം, അയിരൂർ സദാശിവൻ തുടങ്ങിയവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. യൗവ്വനകാലത്ത് കൊച്ചിയിലെ അമച്വർ നാടകങ്ങളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. കലാകാരന്മാരുടെ കൊച്ചിയിലെ സംഘടനയായ ആശയുടെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചു. കലാകാരന്മാരുടെ സംസ്ഥാന സംഘടനയായ സവാക്കിന്റെ ജില്ലാ പ്രസിഡന്റും സംസ്ഥാനക്കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചിരുന്നു. കേരള സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ പുരസ്കാരത്തിനും അർഹനായി. ഭാര്യ: പരേതയായ സഫിയ. മക്കൾ: പി.എ. സലീം, പി.എ. അബ്ബാസ്, അസ്മ. മരുമക്കൾ: ഷീബ, സിജി.