1
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സ്മിത സണ്ണി,കൗൺസിലർമാരായ വി.ഡി സുരേഷ്,എന്നിവർ ഉദ്യോഗസ്ഥരോട് ഉണ്ടായ കാര്യങ്ങൾ വിശിദീകരിക്കുന്നു.സെക്രട്ടറി കെ.എൻ കൃഷ്ണകുമാർ സമീപം

തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ സ്കൂൾ ഉദ്ഘാടനത്തിൽ നിന്നും പി.ടി തോമസ് എൽ.എൽ.എയെ ഒഴിവാക്കിയതിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ് എ ഗ്രൂപ്പ് കൗൺസിലർമാർ രംഗത്തെത്തി. എം.എ.എ.എം സ്കൂളിന്റെ രണ്ടാം ബ്ലോക്കിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി ഇന്ന് ഉച്ചയ്ക്ക് 12ന് നടക്കാനിരിക്കെയാണ്‌ തൃക്കാക്കരയിൽ കോൺഗ്രസ് എ,ഐ ഗ്രൂപ്പ് പോരിന് കാരണമായത്. ഉദ്ഘാടന നോട്ടീസ് കണ്ടതോടെ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്മിത സണ്ണി, കൗൺസിലർമാരായ വി.ഡി സുരേഷ്, രാധാമണി പിള്ള, ജോസ് കളത്തിൽ എന്നിവർ പ്രതിഷേധവുമായി സെക്രട്ടറി കെ.എൻ കൃഷ്ണകുമാറിന്റെ കാബിനിലെത്തി ചോദ്യം ചെയ്തു. എന്നാൽ നോട്ടീസ് തയ്യാറാക്കിയത് തന്റെ അറിവോടെയല്ലെന്ന് പറഞ്ഞ് സെക്രട്ടറി ഒഴിഞ്ഞുമാറാൻ ശ്രമിച്ചതോടെ വാക്കേറ്റമുണ്ടായി. തുടർന്ന് ഇവർ ചെയർപേഴ്സന്റെ ക്യാബിനിലെത്തി.കോൺഗ്രസ് ഐ ഗ്രൂപ്പാണ് ചെയർപേഴ്സൻ.എന്നാൽ എ ഗ്രൂപ്പ് കൗൺസിലർമാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ചെയർപേഴ്സൻ അജിത തങ്കപ്പൻ തയ്യാറായില്ല. മൂന്ന് മണിയായതോടെ പി.ടി തോമസ് എം.എൽ.എയുടെ പേര് ഉൾപ്പെടുത്തി പുതിയ നോട്ടീസ് അടിച്ചു. എന്നാൽ നോട്ടീസിൽ പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി വീണ്ടും കോൺഗ്രസ് കൗൺസിലർമാർ രംഗത്തെത്തി. ഒരു പരിപാടിക്ക് രണ്ടു നോട്ടീസ് അടിച്ചതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ കൗൺസിലർമാരായ ജിജോ ചിങ്ങം തറ,പി.സി മനൂപ്,കെ.എക്സ് സൈമൺ,ആര്യ ബിബിൻ എന്നിവർ സെക്രട്ടറിക്ക് മുന്നിലെത്തി.

കോൺഗ്രസ് കൗൺസിലർമാർ തന്നെ അസഭ്യം പറഞ്ഞെന്നാരോപിച്ച് സെക്രട്ടറി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. തുടർന്ന് നഗരസഭയുടെ പ്രവർത്തനം ഒരുമണിക്കൂറോളം തടസ്സപ്പെട്ടു. എന്നാൽ സെക്രട്ടറി പ്രോട്ടോക്കോൾ ലംഘിച്ചതിനെ ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്ന് സ്മിത സണ്ണിയും വി.ഡി സുരേഷും വ്യക്തമാക്കിയെങ്കിലും ഉദ്യോഗസ്ഥർ ഇരിപ്പിടത്തിലേക്ക് പോകാൻ തയ്യാറായില്ല. ഇതിനെതിരെ പ്രതിപക്ഷ കൗൺസിലർമാരായ എം.ജെ ഡിക്‌സൺ, ജിജോ ചങ്ങംത്തറ അടക്കമുള്ളവർ രംഗത്തുവന്നതോടെ ഒരു വിഭാഗം ജീവനക്കാർ പ്രതിഷേധം അവധാനിപ്പിച്ചു. ഈ സമയം മുഴുവൻ ചെയർപേഴ്സൻ കാബിനിൽ ഉണ്ടായിരുന്നെകിലും പുറത്തിറങ്ങിയില്ല.ഇന്ന് നടക്കുന്ന സ്കൂൾ ഉദ്ഘാടനത്തിൽ നിന്നും കോൺഗ്രസ് എ വിഭാഗം കൗൺസിലർമാർ വിട്ട് നിൽക്കും. ഉച്ചയ്ക്ക് ഒന്നരക്ക് നഗരസഭക്ക് മുന്നിൽ കോൺഗ്രസ് അനുകൂല സംഘടന ജീവനക്കാരുടെ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.