വൈപ്പിൻ: തീരദേശ പരിപാലന പദ്ധതി തയ്യാറാക്കുന്നതിനായി സെൻസസ് ടൗണുകളെ നിശ്ചയിക്കുന്ന പട്ടികയിൽ പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട് പഞ്ചായത്തുകളെ ഉൾപ്പെടുത്തണമെന്ന് കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർക്കും എം.എൽ.എ നിവേദനം നൽകി.
ബീച്ചുകൾ, ഫിഷിംഗ് ഹാർബറുകൾ, ചരിത്ര പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളും ചെറായി ഗൗരീശ്വര ഗൗഡസാരസ്വത ക്ഷേത്രങ്ങളും പള്ളിപ്പുറത്തെ മഞ്ഞുമാതാ പള്ളിയും ഉൾപ്പെടെ പുരാതന ആരാധനാലയങ്ങൾ, നിരവധി ഓഫീസുകൾ, ആശുപത്രികൾ, വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട സംരംഭങ്ങൾ, വിവിധ നഗരപ്രദേശങ്ങളുമായുള്ള സാമീപ്യം എന്നിങ്ങനെ വിവിധ കാരണങ്ങളാലും ഈ പഞ്ചായത്തുകൾക്ക് നാഗരിക സ്വഭാവമുണ്ടെന്നും സെൻസസ് ടൗണുകളുടെ പട്ടികയിൽ ഉൾപ്പെടുന്നതിന് മതിയായ എല്ലാ യോഗ്യതകളുമുണ്ടെന്നും കെ. എൻ. ഉണ്ണിക്കൃഷ്ണൻ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.