ആലുവ: റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് വകുപ്പിന്റെ നോട്ടീസ് കിട്ടിയതോടെ സീപ്പോർട്ട് - എയർപോർട്ട് റോഡിലെ മഹിളാലയം കവല മുതൽ ദേശം - കാലടി റോഡ് വരെയുള്ള കൈയ്യേറ്റക്കാർ ഒഴിഞ്ഞു തുടങ്ങി. ഒഴിഞ്ഞ് പോകണമെന്ന മുന്നറിയിപ്പ് കാലാവധി കഴിഞ്ഞാൽ കടകൾ നീക്കം ചെയ്യുന്ന ചെലവും വഹിക്കേണ്ടി വരുമെന്നതിനെ തുടർന്നാണ് സ്വമേധയാ താത്ക്കാലിക ഷെഡുകൾ പൊളിക്കുന്നത്.
മഹിളാലയം - തുരുത്ത് പാലം, തുരുത്ത് - തൂമ്പാത്തോട് പാലം എന്നിവിടങ്ങളിലെ ഒന്നര കിലോമീറ്റർ നീളത്തിൽ മാത്രം നിരവധി കൈയ്യേറ്റങ്ങളുണ്ട്. എല്ലാവർക്കും രണ്ടാഴ്ച്ച മുമ്പേ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് വകുപ്പിന്റെ നോട്ടീസ് നൽകിയിരുന്നു.
കളമശേരി എച്ച്.എം.ടി ജംഗ്ഷനിൽ വന്നു നിൽക്കുന്ന സീപ്പോർട്ട് എയർപോർട്ട് റോഡിന്റെ അടുത്ത ഘട്ടം എൻ.എ.ഡി - മഹിളാലയം ജംഗ്ഷനാണ്. ഇതിനായുള്ള വിവിധ പഠനങ്ങൾ അവസാന ഘട്ടത്തിലാണ്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് കൈയ്യേറ്റം ഒഴുപ്പിക്കുന്നതെങ്കിലും സമീപവാസികളുടെ പരാതിയും കാരണമായിട്ടുണ്ട്. ഈ മേഖലയിൽ മുപ്പതോളം കടകളാണ് പ്രവർത്തിക്കുന്നത്. സ്ഥലം കൈയ്യേറിയ ശേഷം വാടകയ്ക്ക് കൊടുക്കുന്നവരുമുണ്ട്. സമീപവാസികൾ പരാതിപ്പെട്ടതോടെ വകുപ്പ് ഇടപെടാൻ തയ്യാറായത്. സന്ധ്യ കഴിഞ്ഞാൽ സാമൂഹ്യ വിരുദ്ധർ തമ്പടിക്കുന്നതായും പരാതി ഉണ്ട്. കച്ചവടക്കാർ ബാക്കി വരുന്ന മാലിന്യം തൊട്ടടുത്ത വീടുകളുടെ പറമ്പിലേക്ക് വലിച്ചെറിയുന്നതായും പരാതി ഉണ്ടായിരുന്നു.
സർക്കാരിൽ നിന്നും ലക്ഷങ്ങൾ കൈപ്പറ്റി റോഡിനായി സ്ഥലം വിട്ടുനൽകിയവരും സ്ഥലം കൈയ്യേറിയവരുടെ പട്ടികയിലുണ്ട്. യഥാർത്ഥ അതിർത്തി മറികടന്ന് റോഡിനായി വിട്ടുനൽകിയ സ്ഥലത്ത് കുറ്റിയടിച്ച് ചിലർ നെറ്റ് കെട്ടി സ്വന്തമാക്കാനും നീക്കം നടത്തിയിട്ടുണ്ട്. ചിലർ അതിർത്തിയോട് ചേർന്ന് കെട്ടിടം നിർമ്മിച്ച ശേഷം ആളുകൾക്ക് നിൽക്കാൻ ചാർത്ത് എന്ന നിലയിൽ കെട്ടിയെടുത്തിരിക്കുകയാണ്. കാലക്രമേണ സ്വന്തമാക്കുകയാണ് ലക്ഷ്യം. ആലുവ പെരുമ്പാവൂർ റോഡ് കടന്നുപോകുന്ന മഹിളാലയം കവലയിലും ആലുവ - കാലടി റോഡ് കടന്നുപോകുന്ന ചൊവ്വര കവലയിലും മാർക്കറ്റിന് സമാനമായ കച്ചവടമാണ്. എല്ലാ കടകളും അനധികൃതമായി നിർമ്മിച്ചതാണ്.ലോക്ക് ഡൗൺ കാലത്ത് പച്ചക്കറി വ്യാപാരം എന്ന പേരിൽ സ്ഥലം കൈയ്യേറി എട്ടോളം കടകളാണ് ഉയർന്നത്.