fg

കൊച്ചി: ജില്ലയിലെ കൊവിഡ് പ്രതിരോധ വാക്‌സിനേഷൻ നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുന്നെന്ന് അധികൃതർ. കൊവിഡ് ബാധിച്ച് മൂന്ന് മാസം തികയാത്തവർ മാത്രമാണ് ഇനി ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിക്കാനുള്ളത്. കിടപ്പുരോഗികൾക്കു വരെ വാക്‌സിൻ നൽകിയെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്.

രണ്ടാം ഡോസ് വാക്‌സിനേഷനും 60ശതമാനത്തോളം പൂർത്തിയായി. ചുരുക്കം ചില വാക്‌സിനേഷൻ സെന്ററുകളിൽ മാത്രമാണ് തിരക്കുള്ളത്. തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും വാക്‌സിനേഷൻ ക്യാമ്പുകൾ ഉൾപ്പെടെ നടത്തിയത് ഏറെ ഗുണകരമായെന്നും അധികൃതർ അവകാശപ്പെടുന്നു.

വാക്‌സിൻ ക്ഷാമമില്ലാത്തും തീരുന്ന മുറയ്ക്ക് വാക്‌സിൻ എത്തുന്നതും മൂലമാണ് വിതരണം സുഗമമാകുന്നത്. ആവശ്യത്തിന് വാക്‌സിൻ ലഭ്യമായതോടെ വാക്‌സിനേഷൻ സെന്ററുകളിൽ അധികം തിരക്കുമില്ല.

രണ്ട് ലക്ഷം വാക്‌സിൻ ഇപ്പോൾ സ്‌റ്റോക്കുണ്ട്. 1,60,000 ഡോസ് കൊവീഷീൽഡും 40,000 ഡോസ് കൊവാക്‌സിനുമാണുള്ളത്.

 ട്രൈബ് വാക്‌സ്
ജില്ലയിലെ ആദിവാസി മേഖലകളിൽ സംഘടിപ്പിച്ച വാക്‌സിനേഷൻ പ്രചാരണങ്ങളും വിജയമായിരുന്നെന്ന് അധികൃകർ അറിയിച്ചു. കുട്ടമ്പുഴയുൾപ്പടെ മേഖലകളിൽ ആദ്യം എതിർപ്പുയർന്നെങ്കിലും മുഴുവൻ പേർക്കും വാക്‌സിൻ നൽകാനായി. കൊവിഡ് ബാധിച്ചവരുൾപ്പെടെ ഇതുവരെ വാക്‌സിനെടുക്കാത്തവർ വൈകാതെ തന്നെ വാക്‌സിൻ സ്വീകരിക്കണമെന്ന് ജില്ലയിലെ വാക്‌സിനേഷൻ നോഡൽ ഓഫീസർ ഡോ. എം.ജി. ശിവദാസ് അഭ്യർത്ഥിച്ചു.

 ഒന്നാം ഡോസ്- 100 ശതമാനം
 രണ്ടാം ഡോസ്- 60 ശതമാനം
 രണ്ടാം ഡോസ് വാക്‌സിൻ എടുക്കാനുള്ളത് - 12 ലക്ഷം പേർ


 ജില്ലയിൽ ആകെ- 46,93,750
 ഒന്നാം ഡോസ്- 29,50,913
 രണ്ടാം ഡോസ്- 17,42,837


 കൊവീഷീൽഡ്- 41,68,723
 കൊവാക്‌സിൻ- 5,10,118
 സ്പുട്‌നിക്- 14,909