photo
രണ്ട് വർഷം മുമ്പിറങ്ങിയ സർക്കാർ ഉത്തരവ്‌

വൈപ്പിൻ: മുതിർന്ന പൗരൻമാർ, ഗുരുതരരോഗം ബാധിച്ചവർ എന്നിവർക്ക് സർക്കാർ ഓഫീസുകളിലും മറ്റ് സേവന കേന്ദ്രങ്ങളിലും ക്യൂ നിൽക്കാതെ മുൻഗണനയിൽ സേവനം ലഭ്യമാക്കണമെന്ന് സർക്കാർ ഉത്തരവിലൂടെ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ആ ഉത്തരവുകൾക്ക് കടലാസിന്റെ വിലപോലും അധികൃതർ നൽകുന്നില്ല. ഒമ്പത് വർഷങ്ങൾക്ക് മുമ്പിറങ്ങിയ ഉത്തരവ് അവഗണിക്കപ്പെടുന്നുവെന്ന് സർക്കാരിന് തന്നെ ബോദ്ധ്യമായപ്പോൾ സാമൂഹ്യനീതി വകുപ്പ് രണ്ടുവർഷം മുമ്പ് ഇക്കാര്യം ഓർമ്മിപ്പിച്ച് വീണ്ടും ഉത്തരവിറക്കി. ആദ്യത്തേതിന്റെ തന്നെ ഗതി തന്നെയായി രണ്ടാമത്തേതിനും.

സർക്കാർ നിർദ്ദേശം ഓർമ്മിപ്പിച്ച് ഏതെങ്കിലും മുതിർന്ന പൗരനോ അവശനായ രോഗിയോ ഭിന്നശേഷിക്കാരനോ ക്യൂ പാലിക്കാതെ ബന്ധപ്പെട്ടവരെ സമീപിച്ചാൽ തികഞ്ഞ അധിക്ഷേപമായിരിക്കും തിരിച്ചുകിട്ടുക. ഇത്തരക്കാർ ആരെങ്കിലും ക്യൂ പാലിക്കാതെ നേരെ ഓഫീസിലേക്ക് കയറിയാൽ ക്യൂവിലുള്ളവരും അധിക്ഷേപിക്കും. ഇങ്ങനെയൊരു സർക്കാർ ഉത്തരവ് ഉണ്ടെന്ന് ഓഫീസിലുള്ളവർക്കോ പൊതുജനങ്ങൾക്കോ അറിയില്ലെന്നതാണ് യാഥാർത്ഥ്യം. ഏട്ടിലെ പശു പുല്ല് തിന്നുന്നില്ല എന്നുള്ളതാണ് അനുഭവമെന്ന് മുതിർന്നവർ പരാതിപ്പെടുന്നു.
സർക്കാർ ഓഫീസുകളിലും സേവനകേന്ദ്രങ്ങളിലും ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പൊതുജനങ്ങളുടെ ശ്രദ്ധയിൽ പതിയുന്ന തരത്തിൽ പ്രദർശിപ്പിച്ചാൽ ഈ പ്രശ്‌നത്തിന് കുറെയേറെ പരിഹാരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.