നെടുമ്പാശേരി: വിമാനത്താവളത്തിലെ എയർ കസ്റ്റംസ് യൂണിറ്റിന്റെ ലഹരി മരുന്ന് വേട്ടകളിൽ സുപ്രധാന പങ്കുവഹിച്ച കെ9 ഡോഗ് സ്ക്വാഡ് അംഗങ്ങളായ അലക്സും സെംനയും വിരമിച്ചു. ഇന്നലെ വിമാനത്താവളത്തിൽ കമ്മിഷണർ മുഹമ്മദ് യൂസഫിന്റെ നേതൃത്വത്തിൽ ഇരുവർക്കും യാത്രഅയപ്പ് നൽകി.
ഇരുവർക്കും ഒമ്പത് വയസ് പൂർത്തിയായ സാഹചര്യത്തിലാണ് വിരമിക്കൽ. ഇവരുടെ സേവന കാലയളവിൽ കൊച്ചി വിമാനത്താവളത്തിൽനിന്ന് എയർകസ്റ്റംസ് 108.5 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു. 46.50 കോടി രൂപ വിലമതിക്കുന്ന അഞ്ച് കിലോ ഹെറോയിനും 10 കോടി രൂപ വിലവരുന്ന ഹാഷിഷും കടത്തുന്നത് തടയാൻ സെംന കസ്റ്റംസിനെ സഹായിച്ചു. 3.12 കിലോ ഹാഷിഷ് ഓയിൽ കടത്തുന്നത് തടയാൻ അലക്‌സും കസ്റ്റംസിനെ സഹായിച്ചിട്ടുണ്ട്.
ഗ്വാളിയോർ ഡോഗ് സെന്റർ, കേരള പൊലീസ് അക്കാഡമി എന്നിവിടങ്ങളിലെ പരിശീലനത്തിന് ശേഷമാണ് അലക്സും സെംനയും കൊച്ചി കസ്റ്റംസിന്റെ ഭാഗമായത്. ഇരുവർക്കും പ്രത്യേക പദവികളും മെഡലുകളും നൽകി. ടി.പി. ഹരീഷ്, റോഷൻ വർഗീസ്, പി.എസ്. വിനു എന്നിവരാണ് കസ്റ്റംസിൽ ഇവരെ പരിശീലിപ്പിച്ചിരുന്നത്.