കൊച്ചി: യൂണിയൻ പബ്ളിക് സർവീസ് കമ്മിഷൻ നടത്തിയ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്) പരീക്ഷയിൽ മൂവാറ്റുപുഴ മണ്ണൂർ കല്ലറയ്ക്കൽ (ഐശ്വര്യ)
സൂരജ് ബെന്നിന് ദേശീയ തലത്തിൽ ഒന്നാം റാങ്ക്. തമിഴ്നാട് തൃച്ചിയിൽ ഇന്ത്യൻ ഓർഡിൻസ് ഫാക്ടറി സർവീസ് ഉദ്യോഗസ്ഥനാണ് സൂരജ്.
കുന്നയ്ക്കാൽ ഗവ.യു.പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ കെ.പി രാജന്റെയും ബിന്ദുവിന്റെയും രണ്ട് മക്കളിൽ ഇളയ മകനാണ്. സഹോദരി: രാകേന്ദു.
2018ലെ ഐ.എ.എസ് പരീക്ഷയിൽ 321ാം റാങ്ക് നേടിയ സൂരജ് തൊട്ടടുത്ത വർഷം തൃച്ചി ഓർഡിൻസ് ഫാക്ടറിയിൽ ജോലിയിൽ പ്രവേശിച്ചു. അപ്പോഴും മനസിൽ ഐ.എ.എസും ഐ.എഫ്.എസുമായിരുന്നു. അവധികളെല്ലാം സ്വരുക്കൂട്ടി വച്ചു. പരീക്ഷ എത്തിയപ്പോൾ ഒന്നിച്ചെടുത്ത് കുത്തിയിരുന്നു പഠിച്ചു. ഇതുവരെ പഠിക്കാതിരുന്ന ഫോറസ്ട്രിയും ജിയോളജിയും രണ്ട് മാസം കൊണ്ട് മനപ്പാഠമാക്കിയാണ് പരീക്ഷയ്ക്ക് തയ്യാറെടുത്തത്. കഷ്ടപ്പെട്ട് പഠിച്ച്, പരീക്ഷയുടെ രീതി മനസിലാക്കിയാൽ ഏതു പരീക്ഷയും കീഴടക്കാമെന്നാണ് സൂരജ് പറയുന്നു.
ആദ്യ പത്ത് റാങ്കിൽ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഒന്നാം റാങ്ക് കിട്ടിയെന്ന് വിശ്വസിക്കാൻ അല്പം സമയം വേണ്ടിവന്നതായി സൂരജ് പറഞ്ഞു. സുഹൃത്തുക്കളാണ് ഫലം വന്നതും ഒന്നാം റാങ്ക് ലഭിച്ചതും അറിയിച്ചത്.
തിരുവനന്തപുരം 'ഐസറിൽ' ഡിഗ്രിക്ക് പഠിക്കുമ്പോൾ രണ്ട് തവണ പ്രോജക്ടുമായി ബന്ധപ്പെട്ട വനത്തിലായിരുന്നു. അന്നു മുതലാണ് വനം വകുപ്പിനോട് കൂടുതൽ ഇഷ്ടം തോന്നിയത്. പത്താം തരം വരെ മണ്ണൂർ സെന്റ് ജോർജ് സ്കൂളിലായിരുന്നു പഠനം. പ്ലസ് ടു നിർമ്മല പബ്ലിക്ക് സ്കൂളിലും.