aa

കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിൽ ഏഴ്, എട്ട് വാർഡുകളിലായി സ്ഥിതി ചെയ്യുന്ന മണിപ്പാറ മലയുടെയും വെള്ളച്ചാട്ടത്തിന്റെയും ടൂറിസം സാധ്യതകളെ വിലയിരുത്താൻ ഭരണസമിതി തീരുമാനിച്ചു. ടൂറിസം സാധ്യതകൾ മനസിലാക്കി സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹായത്തോടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി നൽകാനാണ് തീരുമാനം.

പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമാണ് ഇത്. ഇപ്പോൾ തന്നെ പല സ്ഥലങ്ങളിൽ നിന്നും നിരവധി ആളുകളാണ് സന്ദർശനത്തിനായി ഇവിടെയെത്തുന്നത്. വരുന്നവർക്ക് കൃത്യമായി എത്തിച്ചേരാൻ കഴിയാത്തതാണ് ഇപ്പോഴുള്ള ബുദ്ധിമുട്ട്. വഴി സംബന്ധിച്ച സൂചകങ്ങൾ നിലവിൽ ഇല്ലാത്തതാണ് ഇതിന് മുഖ്യകാരണം. കൂടാതെ സന്ദർശകരുടെ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം,ടോയ്ലറ്റ് ഫെസിലിറ്റി, സ്ഥലത്തിന്റെ പ്രത്യേകതകളെ സൂചിപ്പിക്കുന്ന ബോർഡുകൾ, സ്ഥലം വൃത്തിയായി സൂക്ഷിക്കാനും മറ്റും ഉള്ള ജീവനക്കാർ, സൂക്ഷിപ്പുകാർ, കുടിവെള്ളത്തിനും ലഘുഭക്ഷണത്തിനുള്ള സൗകര്യങ്ങൾ തുടങ്ങിയവ ഒരുക്കേണ്ടതുണ്ട്. നിലവിലുള്ള ആവാസ വ്യവസ്ഥയ്ക്ക് കോട്ടം വരാത്തതരത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്യുന്നത്.

ടൂറിസം സാധ്യതകളെക്കുറിച്ച് വിലയിരുത്തുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് എം.പി.അജയ് കുമാറിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരും സ്ഥലം സന്ദർശിച്ചു. വൈസ് പ്രസിഡന്റ്

ദീപ ജോയി, സെക്രട്ടറി ബി.സുധീർ, അസി:എൻജിനിയർ വിനോദ്, ചെയർമാൻമാരായ ബിജു കുര്യാക്കോസ്, ബിജി പ്രകാശ്, സ്മിത അനിൽകുമാർ, മെമ്പർമാരായ ഫെബിൻ കുര്യാക്കോസ്, ജോയ് പൂണേലിൽ, എന്നിവരടക്കം മുഴുവൻ മെമ്പർമാരും പങ്കെടുത്തു.പദ്ധതിപ്രദേശത്തെ മെമ്പർമാരായ ജോയ് പതിയ്ക്കൽ, അഞ്ജലി.എ.ആർ എന്നിവർ സന്ദർശനത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കി.

ടൂറിസം വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, ജില്ലാപഞ്ചായത്ത്, എം.എൽ.എ, എം.പി തുടങ്ങി എല്ലാവരുടേയും സഹായത്തോടെ പദ്ധതി നടപ്പിലിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ്, എൻ.പി.അജയകുമാർ