mako

സുഖലോലുപമായ രാജകീയജീവിതം കൊതിക്കുന്നവരാണ് ഏറെയും. എന്നാൽ,​ വിവാഹത്തോടെ,​ പ്രണയത്തോടെ,​ വിവാഹമോചനത്തോടെ രാജകീയജീവിതത്തോട് എന്നെന്നേക്കുമായി വിടപറഞ്ഞവരുമുണ്ട്. രാജകീയപദവി നഷ്ടമായെങ്കിലും ജനങ്ങളുടെ മനസിൽ കൂടുതൽ ഇടംതേടാൻ കഴിഞ്ഞതും അവർക്കുതന്നെ!

മാകോ - കെയ് കൊമുറോ

വർഷങ്ങൾനീണ്ട പ്രണയത്തിനൊടുവിൽ ജപ്പാൻ രാജകുമാരി മാകോയും കാമുകൻ കെയ് കൊമുറോയും വിവാഹിതരായതും തുടർന്ന് മാകോയുടെ രാജകീയപദവി നഷ്ടമായതുമാണ് രാജകീയലോകത്തെ അവസാനത്തെ 'വിട്ടുകൊടുക്കൽ".

പരമ്പരാഗത ആചാരങ്ങൾ ഒഴിവാക്കി ലളിതമായിട്ടായിരുന്നു വിവാഹം. ജപ്പാനിലെ ചക്രവർത്തി നരുഹിതോയുടെ ഇളയ അനുജനും കിരീടാവകാശിയുമായ അകിഷിനോയുടെയും കികോയുടെയും മകളും അകിഹിതോ ചക്രവർത്തിയുടെ പേരക്കുട്ടിയുമാണ് 29-കാരിയായ മാകോ. രാജകുടുംബത്തിലെ പെൺകുട്ടികൾ സാധാരണക്കാരനെ വിവാഹം കഴിച്ചാൽ രാജകീയപദവികളും അധികാരങ്ങളും നഷ്ടമാകുമെന്നാണ് നിയമം. എന്നാൽ, കുടുംബത്തിലെ പുരുഷന്മാർക്ക് നിയമം ബാധകമല്ലെന്നതാണ് വിചിത്രമായ വസ്തുത. വിവാഹത്തിന് പിന്നാലെ പദവി മാത്രമല്ല, തനിക്ക് അവകാശപ്പെട്ട 9.2 കോടി രൂപ (14 കോടി യെൻ) തുകയും മാകോ നിഷേധിച്ചു. ജാപ്പനീസ് രാജകുടുംബത്തിൽനിന്ന് ഈ രണ്ട് കാര്യങ്ങളും ഉപേക്ഷിക്കുന്ന ആദ്യത്തെ ആളാണ് മാകോ രാജകുമാരി.

എന്നാൽ, പ്രണയം മുതൽ വിവാഹംവരെയുള്ള മാകോയുടെ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. അതിന്റെ പേരിൽ മാകോയ്ക്ക് നേരിടേണ്ടിവന്നത് കടുത്ത മാനസികപീഡനങ്ങളായിരുന്നു. കുടുംബത്തിൽനിന്നുള്ളതിന് അപ്പുറം ലോകവും സ്വന്തം രാജ്യവും അവളെ വിധിച്ചു. കുറ്റപ്പെടുത്തി. സൈബർ ആക്രമണങ്ങൾ നേരിട്ടു. ഒടുവിൽ അതിനെയെല്ലാം അതിജീവിച്ച് മാകോ കൊമുറോയുടെ കൈപിടിച്ചു.

2017ലാണ് സുഹൃത്ത് കെയ്കൊമുറോ എന്ന സാധാരണക്കാരനെ വിവാഹം കഴിക്കാൻ രാജകുമാരി തീരുമാനിക്കുന്നത്. എന്നാൽ,​ മാദ്ധ്യമങ്ങളുടെയും സമൂഹത്തിന്റെയും നിരന്തരമായ കുറ്റപ്പെടുത്തലുകളും വിവാദങ്ങളും ആരോപണങ്ങളും കെയ്കൊമുറോയുടെ അമ്മയ്ക്ക് നേരെയുണ്ടായ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചുള്ള ആരോപണങ്ങളും വിവാഹം നീട്ടിക്കൊണ്ടുപോയി. അഞ്ചുവർഷം മുൻപ് യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴാണ് ഇരുവരും പരസ്പരം കാണുന്നത്. പിന്നീട് സുഹൃത്തുക്കളാവുകയും ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. കൊമുറോയുടെ സാധാരണവേഷവും പോണിടെയ്ലും സാമ്പത്തികഭദ്രതയുമൊക്കെ സൈബറിടങ്ങളിൽ നിരന്തരം ചർച്ചചെയ്യപ്പെട്ടു. രാജകുടുംബത്തെ നിഷേധിച്ച് വിവാഹം കഴിച്ചവൾ എന്ന രീതിയിൽ മാകോ സൈബർ ആക്രമണങ്ങൾക്ക് ഇരയായി. എന്നാൽ,​ അതൊന്നും മാകോ - കൊമുറോ ജോഡിയുടെ പ്രണയത്തെ ബാധിച്ചില്ലെങ്കിലും ഇത്തരം സമ്മർദ്ദങ്ങൾ മാകോയുടെ മാനസികനിലയെ കാര്യമായി സ്വാധീനിച്ചു. അവർ മാനസികാരോഗ്യത്തിന് ചികിത്സതേടി. രാജകുടുംബാംഗങ്ങളുടെ കഥകളൊക്കെ പൊടിപ്പും തൊങ്ങലും ചേർത്ത് വാർത്തയാക്കുന്ന മാദ്ധ്യമങ്ങൾ അതും വാ‌ർത്തയാക്കി. ഇപ്പോഴും സമ്മർദ്ദങ്ങളിൽനിന്ന് പൂർണമായി മോചിതയാകാൻ മാകോയ്ക്ക് കഴിഞ്ഞിട്ടില്ല. വിവാഹശേഷം മാകോ അമേരിക്കയിലേക്ക് പോവും. അവിടെ അഭിഭാഷകനായി ജോലി ചെയ്യുകയാണ് കെയ് കൊമുറോ. ജപ്പാൻ വിട്ടു പോവുന്ന രാജകുമാരിയുടെ നടപടിയിലും പ്രതിഷേധമുയർന്നിരുന്നു.

രാജകുടുംബം വിദ്യാഭ്യാസം പൂർത്തിയാക്കാറുള്ള ​ഗാകുഷുയിൻ സ്കൂളിലാണ് മാകോയും പഠനം നടത്തിയത്. പക്ഷേ പിന്നീട് സർവകലാശാല പഠനത്തിനായി മാകോ ആചാരം മറികടന്നു. ടോക്കിയോവിലെ ഇന്റർനാഷനൽ ക്രിസ്റ്റ്യൻ യൂണിവേഴ്സിറ്റിയിൽ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജായിരുന്നു മാകോ പഠിച്ചത്. പിന്നീട് ലസിസ്റ്റർ സർവകലാശാലയിൽ നിന്ന് മാസ്റ്റേഴ്സ് നേടി.

കൊട്ടാരത്തിൽ നടന്ന ചടങ്ങുകളിൽ പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്തും രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്കു മുന്നിൽ തലകുനിച്ചു നിന്നുമാണ് തന്റെ രാജകീയ ജീവിതത്തിൽനിന്നും മാകോ ഇറങ്ങിയത്. എന്നാൽ,​ ചവിട്ടിക്കയറിയത്,​ സാധാരണക്കാരുടെ ഒരു വലിയ ലോകത്തേക്കാണെന്ന് മാത്രം.



ഹാരി- മേഗൻ

മാകോയ്ക്ക് മുമ്പ് മാദ്ധ്യമശ്രദ്ധ നേടിയ മറ്റൊരു കൊട്ടാരംവിടൽ ബ്രിട്ടനിൽനിന്നായിരുന്നു. നടിയും മോഡലുമായ മേഗൻ മെർക്കലിനെ പ്രിൻസ് ഹാരി വിവാഹം കഴിക്കുന്നതിനോട് ബ്രിട്ടീഷ് രാജകുടുംബത്തിന് എതിർപ്പുണ്ടായിരുന്നു. എന്നാൽ അവ വകവയ്ക്കാതെ ഹാരി മേഗനെ വിവാഹം കഴിക്കുകയും അധികം വൈകാതെ രാജകീയ പദവികൾ ഉപേക്ഷിക്കുകയും ചെയ്തു. രാജകീയമായ ദൗത്യങ്ങൾ നിർവഹിക്കുന്നതിനായി ഹാരിക്ക് അനുവദിച്ചിരുന്നത് 22 കോടി രൂപയോളമാണ്. ഇതും വേണ്ടെന്ന് വച്ചാണ് ഹാരി-മേഗൻ ദമ്പതികൾ കൊട്ടാരം വിട്ടിറങ്ങിയത്.

ബ്രിട്ടീഷ് രാജകുടുംബം തന്നെ മാനസികമായി പീഡിപ്പിച്ചെന്നും താൻ ആത്മഹത്യയുടെ വക്കിലായിരുന്നെന്നും തുറന്നുപറഞ്ഞായിരുന്നു മെഗന്റെ പടിയിറക്കം. ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാരൻ ഹാരിയെ വിവാഹംചെയ്ത് ബക്കിങാം കൊട്ടാരത്തിലെത്തിയതു മുതൽ അവഗണനയും മാനസികപീഡനവുമാണ് താൻ നേരിട്ടതെന്ന് മേഗൻ വെളിപ്പെടുത്തി. രാജകുടുംബത്തിന്റെ ഉള്ളുകള്ളികൾ ഇതിനുമുമ്പും പലപ്പോഴായി പുറത്തുവന്നിട്ടുണ്ടെങ്കിലും മേഗന്റെ തുറന്നുപറച്ചിലോടെ അവയ്ക്ക് കൂടുതൽ വ്യക്തത കൈവന്നു.

ജീവകാരുണ്യപ്രവർത്തനങ്ങളും സാമൂഹികപ്രവർത്തനങ്ങളുമായി സജീവമായിരുന്ന,​ കൊട്ടാരത്തിലെ പരമ്പരാഗത ജീവിതരീതികളോട്,​ വേഷവിധാനങ്ങളോട് വൈമുഖ്യം പ്രകടിപ്പിച്ചിരുന്ന മേഗൻ,​ അവിടെയുള്ള മുതിർന്നവർക്ക് അനഭിമതയായിരുന്നു. നിറംകൊണ്ടും വംശംകൊണ്ടും മേഗനെ അവർ ആക്ഷേപിച്ചു. മേഗന്റെ കുട്ടിയുടെ നിറം കറുത്തതാകുമോ എന്ന് പോലും ചർച്ചകളുണ്ടായെന്നും ദമ്പതികൾ പിന്നീട് വെളിപ്പെടുത്തി.

എന്തുതന്നെയായാലും മാസങ്ങൾ നീണ്ട ആലോചനകളുടെയും ആഴ്ചകൾ നീണ്ട ചർച്ചകളുടെയും ബാക്കിയായി ഹാരിയും മേഗനും കുഞ്ഞും ചേർന്ന് ആ തീരുമാനത്തിൽ ഉറച്ചുനിന്നു,​ കൊട്ടാരവും കൊട്ടാരപദവികളും ഉപേക്ഷിച്ച് സാധാരണക്കാരായി ജീവിക്കുക എന്ന്.



1936ൽ അമേരിക്കയിലുള്ള തന്റെ കാമുകിയെ വിവാഹംകഴിക്കുന്നതിനായി എഡ്വേർഡ് എട്ടാമൻ തന്റെ രാജപദവി വലിച്ചെറിഞ്ഞതും ബ്രിട്ടീഷ് രാജകുടുംബത്തിൽനിന്നുള്ള ഇറങ്ങിപ്പോക്കുകളിലെ, മറ്റൊരു അദ്ധ്യായമായിരുന്നു.



ഒരേയൊരു ഡയാന

വിവാഹത്തോടെ രാജപദവി നഷ്ടമായവരെക്കുറിച്ചാണ് മുകളിൽ സൂചിപ്പിച്ചതെങ്കിൽ, വിവാഹമോചനത്തോടെ ആ പദവി നഷ്ടമായ ആളാണ് ഡയാന രാജകുമാരി. ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് ചാൾസ് രാജകുമാരന്റെ കൈപിടിച്ച് കയറിവന്ന ഡയാന ഫ്രാൻസിസ് സ്പെൻസർ, പിന്നീട് ഡയാന രാജകുമാരിയായി. ബ്രിട്ടനിലെ ജനങ്ങളുടെ കണ്ണിലും മനസിലും വളരെപ്പെട്ടെന്ന് സ്ഥാനംപിടിച്ച ഡയാന ,​ പക്ഷേ കൊട്ടാരത്തിന് അത്ര വേണ്ടപ്പെട്ടവളായിരുന്നില്ല. സ്വാതന്ത്ര്യംതേടുന്ന ഡയാനയുടെ പ്രവൃത്തികളും കൊട്ടാരത്തിന്റെ പരമ്പരാഗത ജീവിതരീതികളും പൊരുത്തപ്പെടുന്നതായിരുന്നില്ല. പാപ്പരാസികളുടെ മാത്രമല്ല, കൊട്ടാരത്തിന്റെ ആകെ ചാരക്കണ്ണുകൾ ഡയാനയ്ക്ക് പിന്നിലുണ്ടായിരുന്നു. ചാൾസിൽനിന്നുള്ള ഒറ്റപ്പെടലും കൊട്ടാരത്തിൽനിന്നുള്ള അവഗണനയും കടുത്ത വിഷാദരോഗവും പ്രണയത്തകർച്ചകളുമൊക്കെ ഡയാനയെ സംബന്ധിച്ച് ഭീകരമായിരുന്നു. 1992ൽ ചാൾസിൽനിന്ന് വിവാഹമോചനം നേടിയതോടെ,​ ഡയാന വീണ്ടും ഡയാന സ്പെൻസറായി മാറി. പക്ഷേ,​ ഇന്നും ലോകജനതയുടെ മനസിൽ ഡയാന എന്നും രാജകുമാരി തന്നെയാണ്. കാരണം,​ ഡയാനയെ ജനങ്ങൾ ഹൃദയത്തിലേറ്റിയത്,​ രാജകുടുംബാംഗം ആയതുകൊണ്ടായിരുന്നില്ല. അവർ ഒരേയൊരു ഡയാന ആയിരുന്നതുകൊണ്ടാണ്.