കൊച്ചി: നീണ്ടകാത്തിരുപ്പിനുശേഷം കളിചിരികളോടെയും അല്പം കരുതലുമായും കുട്ടികൾ ഇന്ന്
സ്കൂളിലെത്തും. ജൂൺ ഒന്നിനു നടക്കേണ്ടിയിരുന്ന പ്രവേശനോത്സവം ഇത്തവണ അൽപം വൈകി കേരളപ്പിറവി ദിനമായ ഇന്നാണ് നടക്കുന്നത്. കൊവിഡ് മഹാമാരി നൽകിയ നീണ്ട ഓൺലൈൻ അദ്ധ്യയന കാലത്തിനു ശേഷം കുരുന്നുകൾ വീണ്ടും അക്ഷരമുറ്റത്തേക്ക് ഇന്നു മുതൽ നടന്നടുക്കും. ജില്ലയിലെ 994 സ്കൂളുകളിലാണ് ഇന്ന് ഫസ്റ്റ് ബെൽ മുഴങ്ങുന്നത്.
പ്രവേശനോത്സവം
റവന്യൂ ജില്ലാ സ്‌കൂൾ പ്രവേശനോത്സവം മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്നുരാവിലെ 10ന് നടക്കും. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി, ജില്ലാ കളക്ടർ ജാഫർ മാലിക് എന്നിവർ പങ്കെടുക്കും.
കരുതലോടെ അദ്ധ്യാപകർ
നീണ്ട കാത്തിരിപ്പിനുശേഷം സ്കൂളുകളിലേക്ക് എത്തുന്ന വിദ്യാർത്ഥികളെ സ്നേഹത്തോടെ വരവേൽക്കാനുള്ള മാർഗങ്ങളാണ് അദ്ധ്യാപകർ പരീക്ഷിക്കുന്നത്. ആദ്യത്തെ ആഴ്ച സ്കൂൾ ഫീലിംഗ് ആക്ടിവിറ്റികളാണ് നൽകുക. കളികൾ, ഉല്ലാസ പ്രവർത്തനങ്ങൾ എന്നിവ നടത്തും. ഇഷ്ടമുള്ള എല്ലാ കളികളും സ്കൂളുകളിൽ കളിക്കാം. പുതിയ കളികൾ പഠിപ്പിക്കുകയും ചെയ്യും. ഇതിനുശേഷമാണ് പഠനം ആരംഭിക്കുക. ഗൃഹാന്തരീക്ഷത്തിൽ നിന്ന് പെട്ടെന്ന് സ്കൂളിലേക്ക് എത്തുമ്പോൾ മാനസികമായി കുറെ മാറ്റങ്ങൾ സംഭവിക്കാം. ഓരോ സ്കൂളിന്റെയും സാഹചര്യത്തിൽ നിന്ന് അവരെ സന്തോഷത്തോടെയും സ്നേഹത്തോടെയും സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
പുതിയ പരീക്ഷണങ്ങൾ
ലോക്ക് ഡൗൺ കാലയളവിൽ വിദ്യാർത്ഥികൾ ചെയ്ത എല്ലാ പരീക്ഷണങ്ങളുടേയും എക്സിബിഷൻ നടത്തും. പുതിയ പാട്ടുകളും കഥകളും അദ്ധ്യാപകരും പഠിക്കുന്നുണ്ട്. വിവിധ കാർട്ടൂണുകളും ഫിലിമുകളും ഡൗൺലോഡ് ചെയ്ത് കുട്ടികൾക്കായി കാത്തിരിക്കുകയാണ്. സ്കൂളുകൾ പെയിന്റ് ചെയ്തു. ചുമർചിത്രങ്ങൾ വരച്ചു. അണുനശീകരണവും വെള്ളം ടെസ്റ്റ് ചെയ്യലും നടത്തി കഴിഞ്ഞു.
പ്രിയ കെ.ആർ
പ്രധാനദ്ധ്യാപിക
പട്ടേൽ മെമ്മോറിയൽ യു.പി.സ്കൂൾ, തെക്കൻപറവൂർ