കളമശേരി: ഏലൂർ പാതാളം - ആനവാതിൽ റോഡിൽ ഇന്നലെ രാവിലെ പത്തരയോടെ ടിപ്പർ ലോറിയും സ്കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരനായ മുപ്പത്തടം സ്വദേശി മുഹമ്മദ് നൗഫൽ (28), പാതാളം ഇ.എസ്.ഐ ആശുപത്രിയിലും സാരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരായ കടുങ്ങല്ലൂർ കണിയാൻകുന്ന് മാഞ്ഞാംതുരുത്ത് വീട്ടിൽ ഷാജഹാൻ (55) , സുൽത്താന (16) എന്നിവരെ ആസ്റ്റർ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചു.
അപകടസമയത്ത് ഇരുവശത്തും പാർക്കുചെയ്തിരുന്ന കണ്ടെയ്നർ ലോറികൾ ഉടനെ ദൂരേക്ക് മാറ്റിയിട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. പാതാളം - ആനവാതിൽ റോഡിൽ ടാങ്കർ - കണ്ടെയ്നർ ലോറികളുടെ അനധികൃത പാർക്കിംഗ് സ്ഥിരമായി അപകടങ്ങൾ ഉണ്ടാക്കുന്നതും മാലിന്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും കേരളകൗമുദി നേരത്തെ റിപ്പോർട്ടുചെയ്തിരുന്നു. പാർക്കിംഗ് മൂലം കാഴ്ച മറയുന്നതും ലോറി പെട്ടെന്ന് റോഡിലേക്കെടുക്കുമ്പോൾ ഓട്ടത്തിലുള്ള വാഹനങ്ങൾ വെട്ടിച്ചുമാറ്റുന്നതും തുടർന്ന് ഇരുചക്രവാഹനക്കാരും കാൽനടയാത്രക്കാരും അപകടത്തിൽ പെടുന്നതും നിത്യസംഭവമായി മാറുകയാണ്. ദിവസവും രാവിലെ ഓട്ടോ സ്റ്റാൻഡിലെത്തുമ്പോൾ വിസർജ്യം കോരിമാറ്റേണ്ട അവസ്ഥയാണെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ പരാതിപ്പെടുന്നു.