കോലഞ്ചേരി: മഴുവന്നൂരിലെ തെരുവ് വിളക്കുകൾ കത്താൻ ഇനിയും വൈകും. പത്ത് മാസക്കാലമായി മുടങ്ങിക്കിടക്കുന്ന തെരുവ് വിളക്കുകൾ അറ്റകുറ്റപണി പൂർത്തിയാക്കാനുള്ള ടെൻഡർ നടപടികൾ വൈകുന്നതാണ് കാരണം. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഈ വർഷത്തെ പദ്ധതിയിൽ അഞ്ചുലക്ഷം രൂപയാണ് തെരുവുവിളക്കുകളുടെ അ​റ്റകു​റ്റപണിക്കായി വകയിരുത്തിയത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി സെക്രട്ടറി അടിയന്തരകമ്മി​റ്റിയിൽ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. എന്നാൽ ഏ​റ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കരാറുകാരനെ ഒഴിവാക്കി കൂടുതൽ തുക രേഖപ്പെടുത്തിയ കരാറുകാരന് ടെൻഡർ ഉറപ്പിച്ചു നൽകണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. എന്നാൽ ഈ നിർദ്ദേശം നിയമപരമല്ലാത്തതിനാൽ അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷാംഗങ്ങളായ ജോർജ് ഇടപ്പരത്തിയും കെ.പി. വിനോദ്കുമാറും ശക്തമായ നിലപാടെടുത്തു. തുടർന്ന് അവസാന അജണ്ടയായി വിഷയം പരിഗണിക്കാൻ മാ​റ്റി വച്ചു. മ​റ്റ് അജണ്ടകളെല്ലാം പൂർത്തിയാക്കി വിഷയം വീണ്ടും ചർച്ചക്കെടുത്തപ്പോഴും പ്രസിഡന്റ് മുൻ നിലപാടിൽ ഉറച്ചുനിന്നു. എന്നാൽ നിയമപരമല്ലാത്ത നിലപാട് അഴിമതിക്ക് വേണ്ടിയാണെന്നും അതിനാൽ അടിയന്തരമായി കരാർ ഉടമ്പടി പൂർത്തിയാക്കി തെരുവുവിളക്കുകൾ അ​റ്റകു​റ്റപ്പണി നടത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന നിലപാട് പ്രതിപക്ഷം കടുപ്പിച്ചതോടെ വിഷയം പിന്നീടു ചർച്ച ചെയ്യാമെന്ന് പറഞ്ഞ് യോഗം അവസാനിപ്പിക്കുകയായിരുന്നു. അതേ സമയം തെരുവ് വിളക്കുകളുടെ ടെൻഡർ നടപടികൾ സംബന്ധിച്ച് പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമെടുത്തിട്ടില്ലെന്നും അടുത്ത കമ്മിറ്റിയിൽ ടെൻഡർ ആർക്ക് നൽകണമെന്ന് സംബന്ധിച്ച തീരുമാനം ഉണ്ടാവുകയുള്ളൂ എന്നും പ്രസിഡന്റ് ബിൻസി ബൈജു പറഞ്ഞു.