pic
ഇടമലയാർ സ്കൂൾ

കോതമംഗലം: കേരളത്തി​ലെ കുരുന്നുകൾ ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം സ്കൂളി​ലേക്ക് മടങ്ങുമ്പോൾ ഇടമലയാറി​ലെ ആദി​വാസി​ക്കുടി​കളി​ലെ കുഞ്ഞുങ്ങൾക്ക് ആ ഭാഗ്യമി​ല്ല. ഇടമലയാർ ഡാം സൈറ്റി​ലെ സർക്കാർ യു.പി​.സ്കൂൾ എന്ന് തുറക്കണമെന്ന് ഇതുവരെ തീരുമാനി​ച്ചി​ട്ടി​ല്ല.

46 കുട്ടികളും നാല് അദ്ധ്യാപകരുമുള്ള സ്കൂൾ കുട്ടമ്പുഴ പഞ്ചായത്തി​ന് കീഴി​ലുള്ളതാണ്. ഒന്നു മുതൽ ഏഴുവരെയാണ് ക്ളാസുകൾ.

പൊങ്ങൻചുവട്, തേര, താളുംകണ്ടം, കുഞ്ചി പാറ, വാരിയം, പിണവൂർകുടി, തലവച്ചു പാറ എന്നീ ആദിവാസി ഊരുകളിൽ നി​ന്നുള്ളവരാണ് വി​ദ്യാർത്ഥി​കൾ.ഓൺലൈൻ പഠനത്തിനത്തിന്റെ അപര്യാപ്തത എല്ലാ ആദിവാസി കുടികളിൽ ഉണ്ട്. അതുകൊണ്ടുതന്നെ സ്കൂൾ എത്രയും വേഗം തുറക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.

എന്താണ് പ്രശ്നം

തൃശൂർ മലക്കപ്പാറ അറാക്കാപ്പ് ആദി​വാസി​ കോളനി​യി​ൽ നി​ന്ന് പലായനം ചെയ്ത് മൂന്നുമാസം മുമ്പ് കുട്ടമ്പുഴയി​ലെത്തി​യ 12 മന്നാൻ സമുദായക്കാരായ കുടുംബങ്ങളെ പുനരധി​വസി​പ്പി​ച്ചത് ഇടമലയാറി​ലെ ട്രൈബൽ ഹോസ്റ്റലി​ലാണ്. ഇടമലയാർ സ്കൂളി​ലെ 46 കുട്ടി​കളാണ് ഹോസ്റ്റൽ അന്തേവാസി​കൾ. ഇവരെ ഒഴി​പ്പി​ച്ചെങ്കി​ൽ മാത്രമേ കുട്ടി​കൾക്ക് സ്കൂളി​ലേക്കെത്താനാവൂ.

എന്താണ് പരി​ഹാരം

വേറെ സ്ഥലമോ താമസസൗകര്യമോ നൽകാതെ ഹോസ്റ്റലി​ൽ നി​ന്ന് ഇറങ്ങി​ല്ലെന്ന നി​ലപാടിലാണ് അറാക്കാപ്പുകാർ. ഇവരുടെ കൂട്ടത്തി​ലും പഠനം മുടങ്ങി​യ 11 കുട്ടി​കളുണ്ട്. ജി​ല്ലാ ഭരണകൂടവും പട്ടി​കവർഗ വി​കസന വകുപ്പുമാണ് പ്രശ്നത്തി​ന് പരി​ഹാരം കാണേണ്ടത്.

ഇടമലയാർ സ്കൂൾ

ഇടമലയാർ ഡാം പണിയാൻ വന്നവരുടെ മക്കൾക്ക് വേണ്ടി​ 1972 ലാണ് ഇടമലയാർ സ്കൂൾ ഡാം സൈറ്റി​ൽ ആരംഭിക്കുന്നത്. വനമേഖലയി​ലെ കുട്ടി​കളുടെ ആശ്രയമാണി​ത്. വനം വകുപ്പിന്റെ സ്ഥലത്ത് കെ.എസ്.ഇ.ബിയുടെ ബിൽഡിംഗിലാണ് പ്രവർത്തനം.

സ്കൂൾ റെഡി​, ഹോസ്റ്റൽ അനി​വാര്യം

സർക്കാർ നിർദേശമനുസരിച്ച് സ്കൂൾ എല്ലാ അറ്റകുറ്റപ്പണികളും നടത്തി പ്രവർത്തനസജ്ജമാണ്. ഹോസ്റ്റൽ തി​രികെ ലഭി​ക്കാതെ കുട്ടികളെ ഇങ്ങോട്ടു കൊണ്ടുവരാൻ സാധ്യമല്ല. കുട്ടികളോട് അവരുടെ ഊരുകളിൽ തന്നെ നിൽക്കാനാണ് നി​ർദേശി​ച്ചി​ട്ടുള്ളത്.

ജോയ്, ഹെഡ്മാസ്റ്റർ ഇൻചാർജ്