• കടമക്കുടി ഫെസ്റ്റിന് സമാപനം
കൊച്ചി: കടമക്കുടിയെ കാത്തിരിക്കുന്നത് അനന്തമായ ടൂറിസം സാദ്ധ്യതകളാണെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. കടമക്കുടി വില്ലേജ് ഫെസ്റ്റിന്റെ ഭാഗമായി നടന്ന മൂന്നാം ദിനത്തിലെ കൊയ്ത്ത് ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കടമക്കുടിയെ ടൂറിസത്തിന്റെ ഹബ്ബാക്കി മാറ്റുവാൻ വേണ്ട പദ്ധതികൾ തയാറാക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെയും മറ്റ് ഏജൻസികളുടെയും സഹായം ലഭ്യമാക്കും. കേന്ദ്ര സർക്കാരിന്റെ സഹായവും ലഭ്യമാകുമെന്നാണ് പ്രതീക്ഷ. നഷ്ടമാകുന്ന കാർഷിക സംസ്‌കാരം വീണ്ടെടുക്കാൻ കൂട്ടായ ശ്രമം വേണം. ഇതിനായി എല്ലാ പിന്തുണയും നൽകും. അമൂല്യമായ പൊക്കാളി നെൽക്കൃഷി പരിപോഷിപ്പിക്കാൻ പദ്ധതി ആവിഷ്‌കരിക്കും. നവകേരള സൃഷ്ടിയ്ക്കായി ടൂറിസം, കാർഷികമേഖലകളെ സമന്വയിപ്പിച്ച് പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം ദിനത്തിലെ കൊയ്ത്തുത്സവത്തിൽ മാഞ്ഞാലി എസ്.എൻ.ജി.എസ്.ടി, എറണാകുളം ഗവ. നഴ്‌സിംഗ് കോളേജ്, കോട്ടയം ബി.സി.എം കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള നൂറോളം വിദ്യാർത്ഥിനികൾ പങ്കെടുത്തു. ആദിശക്തി സമ്മർ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ചാറ്റുപാട്ട്, ചൂണ്ടയിടൽ മത്സരം, വലവീശൽ, മഡ് ഗെയിം എന്നിവയും നടന്നു. ജനറൽ കൺവീനർ ബെന്നി സേവ്യർ, കോരാമ്പാടം സഹകരണബാങ്ക് ഭരണസമിതി അംഗം അലക്‌സ് ആട്ടുള്ളി, വില്ലേജ് ഫെസ്റ്റ് ജോയിന്റ് കൺവീനർമാരായ പി.കെ. രാജീവ്, വിശാൽ കോശി, കിംഗ്സ് ബ്രോഡ്ബാൻഡ് എം.ഡി പ്രതാപ്ചന്ദ്രൻ, എസ്.എൻ.ജി.എസ്.ടി അസി. പ്രൊഫ.സുശീല, ഗവ. നഴ്‌സിംഗ് സ്‌കൂൾ ട്യൂട്ടർ ബീന ടി. ജോൺ, പ്രിൻസിപ്പൽ ഗീത പി.സി തുടങ്ങിയവർ പങ്കെടുത്തു.