കൊച്ചി: ചുമട്ടു തൊഴിലാളി നിയമം കാലോചിതമായി പരിഷ്‌കരിച്ചും നോക്കുകൂലി നിരോധിച്ചും വ്യവസായികളെ കേരളത്തിലേക്ക് ആകർഷിക്കാൻ സംസ്ഥാന സർക്കാർ നിയമ ഭേദഗതി കൊണ്ടുവരണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ്. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചുമട്ടു തൊഴിലാളികളെ സമൂഹ മദ്ധ്യത്തിൽ അവഹേളിക്കുന്ന മുഖ്യമന്ത്രിയുടെ രീതി അവസാനിപ്പിക്കണം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കരുത്ത് ഐ.എൻ.ടി.യു.സി ആണ്. കോൺഗ്രസ് പാർട്ടി സെമി കേഡർ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി 3000 കേഡർമാരെ നൽകാനുള്ള ചുമതല ഐ.എൻ.ടി.യു.സിയെ ഏൽപ്പിച്ചത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ചുമട്ടു തൊഴിലാളി നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. കെ.കെ. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി ഭാരവാഹികളായ വി.പി. സജീന്ദ്രൻ, അഡ്വ. അബ്ദുൽ മുത്തലിബ്, അഡ്വ. ദീപ്തി മേരി വർഗീസ്, ഐ.എൻ.ടി.യു.സി.അഖിലേന്ത്യാ സെക്രട്ടറി അഡ്വ. കെ.പി.ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.