market
ആലുവ മാർക്കറ്റ്

#കൗൺസിൽ തീരുമാനമില്ലാത്തതിനാൽ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം

# സെക്രട്ടറി പങ്കെടുത്തില്ല

#നഗരസഭയ്ക്ക് ബാദ്ധ്യതയില്ലാത്തതിനാൽ സെക്രട്ടറിയുടെ ഒപ്പ് ഇല്ലെങ്കിലും പ്രശ്‌നമില്ലെന്ന് വിദഗ്‌ദ്ധോപദേശം

ആലുവ: തറക്കല്ലിട്ട് എട്ടുവർഷം പിന്നിട്ടിട്ടും നിർമ്മാണം ആരംഭിക്കാത്തതിനെത്തുടർന്ന് വിവാദത്തിലായ ആലുവ മാർക്കറ്റിന്റെ രൂപരേഖ വീണ്ടും തയ്യാറാക്കുന്നതിന് സ്വകാര്യ സ്ഥാപനവുമായി നഗരസഭ ധാരണാപത്രം കൈമാറി. വിവാദങ്ങൾക്കിടെയാണ് സെക്രട്ടറിയുടെ അസാന്നിദ്ധ്യത്തിൽ നഗരസഭ ഓഫീസിൽ കരാർകൈമാറ്റം നടന്നത്.

കൗൺസിൽ തീരുമാനമില്ലെന്നാരോപിച്ച് എൽ.ഡി.എഫും ബി.ജെ.പിയും എം.ഒ.യു കൈമാറുന്നതിനെ എതിർക്കുകയും പരിപാടിയിൽനിന്നും വിട്ടുനിൽക്കുകയുംചെയ്തു. സെപ്തംബർ 25ന് നിശ്ചയിച്ചിരുന്ന എം.ഒ.യു കൈമാറൽ അവസാനനിമിഷം പ്രതിഷേധത്തെത്തുടർന്ന് റദ്ദാക്കിയിരുന്നു. പ്രതിപക്ഷ നിലപാടിൽ മാറ്റമില്ലാത്തതിനാൽ ഇക്കുറി പ്രതിപക്ഷത്തെയും മാദ്ധ്യമങ്ങളെയും അറിയിച്ചിരുന്നില്ല. കൗൺസിൽ അംഗീകാരമില്ലാത്തതിനാൽ എം.ഒ.യുവിൽ ഒപ്പിടാനാകില്ലെന്ന് സെക്രട്ടറിയും നിലപാടെടുത്തിരുന്നു. സ്വകാര്യാവശ്യവുമായി ബന്ധപ്പെട്ട് സ്ഥലത്തില്ലാത്തതിനാലാണ് ചടങ്ങിൽ സെക്രട്ടറി പങ്കെടുക്കാതിരുന്നതെന്നാണ് ഔദ്യോഗികവിശദീകരണം. രൂപരേഖ തയ്യാറാക്കുന്നതിന് നഗരസഭക്ക് സാമ്പത്തിക ബാദ്ധ്യതയില്ലാത്തതിനാൽ സെക്രട്ടറിയുടെ ഒപ്പ് ഇല്ലെങ്കിലും പ്രശ്‌നമില്ലെന്ന് വിദഗ്‌ദ്ധോപദേശം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഭരണപക്ഷം എം.ഒ.യു കൈമാറലുമായി മുന്നോട്ടുപോയത്.

നഗരസഭയിൽ ഇങ്ങനെയൊരു സംഭവം നടക്കുന്നുവെന്നത് കേട്ടറിവ് മാത്രമായിരുന്നുവെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ശ്രീലത വിനോദ്കുമാർ പറഞ്ഞു. എന്തായാലും എൽ.ഡി.എഫ് നിലപാടിൽ മാറ്റമില്ല. മാർക്കറ്റ് എത്രയും വേഗം നിർമ്മിക്കേണ്ടതുണ്ട്. കൗൺസിൽ തീരുമാനിച്ച രൂപരേഖ മാറ്റണമെങ്കിൽ കൗൺസിലിൽ വീണ്ടും തീരുമാനമെടുക്കണം. അല്ലാത്തപക്ഷം നിയമക്കുടുക്കിൽപ്പെടുമെന്നും ശ്രീലത പറഞ്ഞു.

 നഗരസഭക്ക് ചെലവില്ലെന്ന്

മാർക്കറ്റ് സമുച്ചയത്തിന് പുതിയ രൂപരേഖ തയ്യാറാക്കുന്നതിന് നഗരസഭക്ക് ചെലവില്ലെന്നും സൗജന്യമായിട്ടാണ് സ്വകാര്യസ്ഥാപനം രൂപരേഖ തയ്യാറാക്കുന്നതെന്നും നഗരസഭ അധികൃതർ അറിയിച്ചു.

 പ്രതിപക്ഷം സെക്രട്ടറിക്ക് വീണ്ടും കത്ത് നൽകി

13 ലക്ഷം രൂപ ചെലവഴിച്ച് തയ്യാറാക്കിയ രൂപരേഖ കൗൺസിലും സർക്കാരും അംഗീകരിച്ചതാണ്. ഇതിന് മാറ്റം വേണമെങ്കിൽ കൗൺസിലിന്റെ അംഗീകരം വേണം. ഏകപക്ഷീയമായി തീരുമാനമെടുക്കുന്നത് ശരിയല്ല. അതിനാൽ കരാർ അംഗീകരിക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

 ദുരൂഹമാണെന്ന് വി. സലീം

ലക്ഷങ്ങൾ മുടക്കി തയ്യാറാക്കിയ രൂപരേഖ ഏകപക്ഷീയമായി മാറ്റുന്നത് ദുരൂഹമാണെന്ന് സി.പി.എം ജില്ലാ കമ്മിറ്റിഅംഗം വി. സലീം പറഞ്ഞു. രൂപരേഖ മാറ്റണമെങ്കിൽ കൗൺസിലിനെയും ജനങ്ങളെയും ബോദ്ധ്യപ്പെടുത്തണം. നഗരസഭയുടെ നടപടി ആലുവയിലെ വ്യാപാരമേഖലയെ നശിപ്പിച്ചു. മാർക്കറ്റ് ഭൂമിയുടെ ആധാരംപോലും എട്ടുവർഷമായിട്ടും നഗരസഭക്ക് കണ്ടെത്താനായിട്ടില്ല.