തൃക്കാക്കര: ആറര പതിറ്റാണ്ടിന്റെ പഴമ പേറുന്ന തൃക്കാക്കര നഗരസഭാ എൽ.പി.സ്കൂളിന് അഞ്ചുമാസം കൊണ്ട് പുതിയ കെട്ടിടം നിർമ്മിച്ച് തൃക്കാക്കര നഗരസഭ. ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവ്വഹിച്ചു.പി.ടി. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷ അജിത തങ്കപ്പൻ, വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി. സ്ഥിരം സമിതി അദ്ധ്യക്ഷരായ സോമി റെജി, റാഷിദ് ഉള്ളംപിള്ളി, നൗഷാദ് പല്ലച്ചി, കൗൺസിലർമാരായ അബ്ദുഷാന, സി.സി. വിജു, ടി.ജി.ദിനൂപ്, ഷിമി മുരളി ഷാജി വാഴക്കാല, ലാലി ജോഫിൻ, എം.ഒ. വർഗീസ്, നാടകകൃത്തും നാട്ടുകൂട്ടം സാംസ്കാരിക സമിതി ചെയർമാനുമായ മോഹൻ ജി. വെൺപുഴശേരി എന്നിവർ സംബന്ധിച്ചു.
നഗരസഭാ പരിധിയിലെ ആദ്യപ്രാഥമിക വിദ്യാലയമായ എം.എ.എ.എം.എൽ.പി സ്കൂളിൽ 60 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പുതിയ ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നതെന്ന് വാർഡ് കൗൺസിലർ ഉണ്ണി കാക്കനാട് പറഞ്ഞു. കൊവിഡ് മഹാമാരിയും, കാലവർഷവും സൃഷ്ടിച്ച പ്രതികൂല ഘട്ടങ്ങളെയെല്ലാം അതിജീവിച്ച് നിർമ്മാണം പൂർത്തിയാക്കിയ കരാറുകാരൻ പ്രഭുകുമാറിനെ എം.എൽ.എ അഭിനന്ദിച്ചു.
# എൽ.ഡി.എഫും,യുഡിഎഫിലെ ഒരു വിഭാഗവും വിട്ടുനിന്നു
സ്കൂൾ ഉദ്ഘാടന ചടങ്ങിൽനിന്ന് എൽ.ഡി.എഫും യു.ഡി.എഫിലെ ഒരുവിഭാഗവും വിട്ടുനിന്നു. നോട്ടീസിൽ പ്രോട്ടോക്കോൾ പാലിച്ചില്ലെന്നാരോപിച്ചായിരുന്നു വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത സണ്ണി, കൗൺസിലർമാരായ വി.ഡി. സുരേഷ്, ജോസ് കളത്തിൽ, രാധാമണി പിള്ള എന്നിവർ വിട്ടുനിന്നത്. നോട്ടീസിൽ വ്യക്തതയില്ലെന്ന് ആരോപിച്ചായിരുന്നു എൽ.ഡി.എഫ് കൗൺസിലർമാരുടെ ബഹിഷ്കരണം.