തൃക്കാക്കര: ഗ്രാമീണമേഖലയിൽ കവിതാരചനയിൽ അറിയപ്പെടാതെ പോകുന്ന സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി പെണ്ണെഴുത്ത് പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസക്കാരായ വനിതകളുടെ കവിതകൾ പ്രസിദ്ധീകരിക്കലാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ഈ പദ്ധതിയിലേക്ക് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ താമസക്കാരായ വനിതകളിൽനിന്ന് രചനകൾ ക്ഷണിക്കുന്നു. പാർശ്വവത്കരിക്കപ്പെട്ടവർ,എസ്.സി./എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിധവകൾ തുടങ്ങി പ്രത്യേക പരിഗണന അർഹിക്കുന്ന സ്ത്രീകളുടെ രചനകൾക്ക് മുൻതൂക്കം നൽകും. ജില്ലയിലെ സ്ഥിരതാമസക്കാരായ 15 വയസിനുമേൽ പ്രായമുള്ള വനിതകളിൽ നിന്നാണ് കവിതകൾ ക്ഷണിക്കുന്നത്.
ഒരുപേജിൽ കവിയാത്ത കവിതകൾ (42 വരി കവിയരുത്) വൃത്തിയായ അക്ഷരത്തിൽ വെള്ളക്കടലാസിൽ എഴുതിയോ ടൈപ്പ് ചെയ്തോ നൽകാം. രചനയോടൊപ്പം രചയിതാവിന്റെ പേര്, വിലാസം, തദ്ദേശസ്വയംഭരണ സ്ഥാപനം, വയസ്, ജനനത്തീയതി, തൊഴിൽ, ഫോൺനമ്പർ, ആധാർ / ഇലക്ഷൻ ഐ.ഡി. കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് പാസ്പോർട്ട് സൈസ് ഫോട്ടോ, രചന പ്രസിദ്ധീകരിക്കുന്നതിനുളള സമ്മതപത്രം എന്നിവ സഹിതം 15ന് മുമ്പായി ജില്ലാ പഞ്ചായത്തിലോ ജില്ലാ വനിതാ ശിശുവികസന ഓഫീസിലോ ലഭ്യമാക്കണം. ഫോൺ: 0484 - 2425205, 9447890661.