വൈപ്പിൻ: കൊച്ചിൻ ദേവസ്വം ബോർഡ് എളങ്കുന്നപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പൊഴുതൂൺ നാട്ടൽ കർമ്മം നടത്തി. ക്ഷേത്രോത്സവം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ചടങ്ങ് നടക്കുന്നത്. നാലുകോലിന് മീതെ ഉയരമുള്ള കുറ്റിയിൽ ചന്ദനം, മാല, മാവില, കുരുത്തോല എന്നിവ ചാർത്തി പൊഴുതൂണായി ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തായി സ്ഥാപിച്ചതിന് മാനംകണ്ണേഴത്തു ചന്ദ്രൻആചാരി മുഖ്യകാർമികകത്വം വഹിച്ചു.
ക്ഷേത്രത്തിന്റെ തന്ത്രിയോ ശാന്തിക്കാരോ കൂടാതെ ആചാരിതന്നെ പൂർവാരചാരവിധിപ്രകാരം നാളികേരം ഉടച്ച്പൂജ നടത്തി ഉത്സവത്തിന്റെ ലക്ഷണം നിർണയിക്കുന്ന ചടങ്ങാണ് പൊഴുതൂൺ നാട്ടൽ കർമ്മം. ചടങ്ങിൽ എളങ്കുന്നപ്പുഴ ദേവസ്വം ഓഫീസർ എ.ആർ. രാജീവ്, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ഐ.യു. നളിനകുമാർ, സെക്രട്ടറി കെ. കെ. സൂരജ്, മേൽശാന്തി ഹരിദാസൻ എമ്പ്രാന്തിരി എന്നിവർ പങ്കെടുത്തു. ഉത്സവം നവംബർ 10ന് കൊടിയേറി 19ന് സമാപിക്കും.