തൃക്കാക്കര: തുതിയൂർ- എരൂർ പാലത്തിന് 5.16 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലാ വികസനസമിതി യോഗത്തിൽ പി.ടി. തോമസ് എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഉദ്യോഗസ്ഥർ. പുതുക്കിയ ഡിസൈന്‍ അനുസരിച്ച് ഈ പാലത്തിന്റെ നീളം കൂടിയതിനാൽ പുതുക്കിയ ഭരണാനുമതി ലഭിക്കുന്നതിനുളള എസ്റ്റിമേറ്റ് തയ്യാറാക്കിവരികയാണ്.
എറണാകുളം- ബസ് ബേയിൽ അല്ലാതെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ യോഗം നിർദേശിച്ചു. നഗരത്തിലെ ഇലക്ട്രിക് പോസ്റ്റുകളിലെ ഉപയോഗശൂന്യമായ കേബിളുകൾ സമയബന്ധിതമായി മുറിച്ചുനീക്കുമെന്ന് കെ.എസ്.ഇ. ബി എക്‌സിക്യുട്ടീവ് എൻജിനീയർ ടി.ജെ വിനോദ് എം.എൽ.എയെ അറിയിച്ചു.
ഭൂമി പരിവർത്തനവുമായി ബന്ധപ്പെട്ടുളള അപേക്ഷകളിൽ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് കെ.ബാബു എം.എൽ.എ ഉന്നയിച്ച പരാതിയിൽ അപേക്ഷകൾ പരിഹരിക്കുന്നതിനായി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുള്ളതായി കളക്ടർ അറിയിച്ചു.
എറണാകുളം നഗരത്തിൽ സാമൂഹ്യവിരുദ്ധരുടെ സാന്നിദ്ധ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊലീസ് ഇടപെടൽ ശക്തമാക്കണമെന്ന് ടി. ജെ വിനോദ് എം. എൽ. എ ആവശ്യപ്പെട്ടു. എം.എൽ.എമാരായ പി.ടി. തോമസ്, അഡ്വ. മാത്യു കുഴൽനാടൻ, ടി.ജെ. വിനോദ്, ആന്റണി ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കളക്ടർ ജാഫർ മാലിക്ക് അദ്ധ്യക്ഷത വഹിച്ചു.