കാലടി: മിനിസ്ട്രി ഒഫ് സിവിൽ ഏവിയേഷന്റെ നേതൃത്വത്തിൽ ഡ്രോൺ ഉത്സവ് ഇന്ന് മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തുളള മൈതാനത്ത് നടക്കും. ഡ്രോൺ നിർമ്മാണ കമ്പനിയായ ഇന്റഗ്രേറ്റഡ് ഡ്രോൺ ട്രെയ്നിംഗ് ആക്കാഡമി (ഐ.ഡി.ടി.എ), കാലടി ആദിശങ്കര എൻജിനീയറിംഗ് കോളേജ്, കേരള പൊലീസ് എന്നിവരുടെ സഹകരണത്തോടെയാണ് ഡ്രോൺ ഉത്സവ് നടക്കുന്നത്. രാവിലെ 10.30 ന് ബെന്നി ബെഹന്നാൻ എം.പി ഉദ്ഘാടനം ചെയ്യും. മിനിസ്ട്രി ഒഫ് സിവിൽ ഏവിയേഷൻ ജോയിന്റ് സെക്രട്ടറി അംബർ ദുബെ മുഖ്യാഥിതിയാകും. റോജി എം. ജോൺ എം.എൽ.എ, മുൻ മന്ത്രി ജോസ് തെറ്റയിൽ, റിട്ടയേഡ് ഗ്രൂപ്പ് ക്യാപ്റ്റൻ എം.ജെ അഗസ്റ്റിൻ വിനോദ്, ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ്, ആദിശങ്കര ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രൊഫ.സി.പി. ജയശങ്കർ, പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ തുടങ്ങിയവർ പങ്കെടുക്കും. കേരള പൊലീസിന്റെ നേതൃത്വത്തിൽ ഡ്രോൺ പറത്തലും പ്രദർശനവും ഉണ്ടാകും. കൂടാതെ കൃഷിക്ക് മരുന്ന് തളിക്കുന്ന ഡ്രോണുകൾ മുതൽ ചെറുതും വലുതുമായ ഡ്രോണുകളുടെ പ്രദർശനവും, പറത്തലും, പരിശീലനവും ഉണ്ടാകും. വിവിധ കമ്പനികൾ ഡ്രോൺ ഉത്സവിൽ പങ്കെടുക്കും.