മൂവാറ്റുപുഴ: ആയവന പഞ്ചായത്തിലെ തോട്ടംഞ്ചേരിയേയും കടുംപിടിയേയും ബന്ധിപ്പിക്കുന്ന തൂക്ക് പാലം തകർന്നിട്ട് മൂന്നുവർഷം കഴിഞ്ഞു. 2018 ലെ പ്രളയത്തിൽ തകർന്നിട്ടും പാലം പുനർ നിർമ്മിക്കാത്ത സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിൽ പ്രതിഷേതിച്ച് ബി.ഡി.ജെ.എസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി. ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി ഷൈൻ കെ .കൃഷ്ണൻ ഉദ്ഘാടനം ചെയ്തു . നിയോജക മണ്ഡലം പ്രസിഡന്റെ ജയദേവൻ മാടവന അദ്ധ്യക്ഷത വഹിച്ചു . നിർമ്മല ചന്ദ്രൻ , അനു വാഴാട്ട് , പ്രതീക്ഷ പുഷ്പൻ ,ജിനു ദാമു, കെ ആർ മോഹൻ,എം.കെ. ബാഹുലേയൻ എന്നിവർ സംസാരിച്ചു . തകർന്ന തൂക്കുപാലത്തിന് പകരം പുതിയ കോൺക്രീറ്റ് പാലം നിർമ്മിക്കണമെന്നാണ് ബി.ഡി.ജെ.എസ് ആവശ്യം. ഈ ആവശ്യമടങ്ങുന്ന നിവേദനം പ്രധാനമന്ത്രിക്ക് നൽകുമെന്നും ജില്ലാ സെക്രട്ടറി ഷൈൻ കെ .കൃഷ്ണൻ അറിയിച്ചു.