കൊച്ചി: നൂറുകണക്കിന് രോഗികൾക്ക് ആശ്രയവും ആശ്വാസവുമായി മാറിയ കൊച്ചി കാൻസർ സെന്ററിന് ഇന്ന് അഞ്ചു വയസ്. ബാലാരിഷ്ടതകൾ മാറിയിട്ടില്ലെങ്കിലും പ്രതീക്ഷകളുടെ ആറാം വർഷത്തിലേക്കാണ് സെന്റർ വളരുന്നത്. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ ഇടപെടലുകളിലൂടെ പൊതുസമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രം കൂടിയാണ് കൊച്ചി കാൻസർ സെന്റർ.

2016 നവംബർ ഒന്നിനാണ് കളമശേരിയിലെ മെഡിക്കൽ കോളേജ് വളപ്പിൽ സെന്ററിന് അനൗദ്യോഗികമായി തുടക്കം കുറിച്ചത്. സെന്ററിന്റെ ഓരോ ഘട്ടത്തിലും ഒപ്പംനിന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് തിരുത്തൽ ശക്തിയായി നിലകൊള്ളുന്നു.

 കൊവിഡിലും മികവ്

കൊവിഡ് പ്രതിസന്ധിയുടെ ഒരുവർഷത്തിനിടയിലും മികച്ച പ്രവർത്തനം സെന്റർ കാഴ്ചവച്ചു. നവംബറിനും ഒക്ടോബറിനുമിടയിൽ ഒ.പിയിൽ 3000 ലേറെ രോഗികളെത്തി. ആയിരത്തോളം പേർ പുതിയ രോഗികളാണ്. ആയിരത്തിലേറെപ്പേർക്ക് കീമോതെറാപ്പി നൽകി. 350 ലേറെ ശസ്ത്രക്രിയകൾ കുറഞ്ഞ ചെലവിൽ നടത്തി.

 ചികിത്സാസൗകര്യങ്ങൾ

മെഡിക്കൽ, സർജിക്കൽ, ഗൈനക്ക്, റേഡിയേഷൻ ഓങ്കോളജി വിഭാഗങ്ങളിൽ വിദഗ്ദ്ധരായ ഡോക്ടർമാർ ലഭ്യമാണ്. മെഡിക്കൽ കോളേജിൽ ഒരു ഓപ്പേറഷൻ തിയേറ്റർ പ്രവർത്തിക്കുന്നു. റേഡിയേഷൻ ആവശ്യമുള്ളവർക്ക് എറണാകുളം ജനറൽ ആശുപത്രിയിലെ ലീനിയർ ആക്സിലേറ്റർ ഉൾപ്പെടെ സൗകര്യം ലഭ്യമാക്കുന്നുണ്ട്. എം.ആർ.ഐ ഉൾപ്പെടെ സ്കാൻ സൗകര്യങ്ങൾ മെഡിക്കൽ കോളേജിലാണ് നിർവഹിക്കുന്നത്. 24 മണിക്കൂറും സെന്റർ പ്രവർത്തിക്കുന്നു.

 രോഗികൾക്ക് ആശ്വാസം

കാരുണ്യ ബനവലന്റ് പദ്ധതി അനുസരിച്ച് രണ്ടു ലക്ഷം രൂപ വരെ ചികിത്സാസൗകര്യം നൽകുന്നു. കാസ്പ് പദ്ധതിപ്രകാരം സൗജന്യവും ലഭിക്കും. രോഗനിർണയത്തിനുള്ള പരിശോധനകൾക്ക് കുറഞ്ഞ നിരക്ക് മാത്രം നൽകിയാൽ മതി.

 കെട്ടിട നിർമ്മാണം വൈകി

കെട്ടിടനിർമ്മാണം വൈകിയതാണ് പ്രതിസന്ധി. നിർമ്മാണത്തിൽ മെല്ലെപ്പോക്ക് കാണിച്ച കരാറുകാരനെ നീക്കിയത് 10 മാസം പണികൾ തടസപ്പെടാൻ കാരണമായി. രണ്ടുവർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

 ഡയറക്ടർ ഇല്ല

ഡോ. മോനി കുര്യാക്കോസ് സ്ഥാനമൊഴിഞ്ഞതോടെ സെന്ററിന് ഡയറക്ടറില്ല. ദൈനംദിന കാര്യങ്ങളുടെ മേൽനോട്ടം വഹിക്കാൻ ആളില്ലാത്തത് വിഷമതകൾ സൃഷ്ടിക്കുന്നുണ്ട്. സ്പെഷ്യൽ ഓഫീസറായിരുന്ന മുൻജില്ലാ കളക്ടർ എസ്. സുഹാസ് മാറിയതോടെ പുതിയയാളെ നിയോഗിച്ചിട്ടില്ല.

 നിയമനങ്ങൾ

സെന്ററിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരുൾപ്പെടെ ഡപ്യൂട്ടേഷനിൽ വന്നതരാണ്. സ്ഥിരനിയനമങ്ങൾ നടത്തണമെന്ന ആവശ്യം ശക്തമാണ്. ഗവേഷണം, അദ്ധ്യാപനം, ചികിത്സ എന്നിവയിൽ വിദഗ്ദ്ധരായവരെ പി.എസ്.സി വഴി നിയമിക്കണമെന്നാണ് ആവശ്യം.

 യാത്രാസൗകര്യം അപര്യാപ്തം

കാൻസർ സെന്ററും മെഡിക്കൽ കോളേജും സ്ഥിതി ചെയ്യുന്ന കളമശേരി എച്ച്.എം.ടിക്ക് സമീപത്തേക്ക് വേണ്ടത്ര പൊതുഗതാഗത സൗകര്യമില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടേയ്ക്ക് ബസ് സർവീസുകൾ ആരംഭിക്കണമെന്ന ദീർഘകാല ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല.