ആലുവ: കോടികൾ മുടക്കിയ നവീകരണ പദ്ധതികൾ പാളിയതോടെ ചരിത്രമുറങ്ങുന്ന ആലുവ പാലസ് മന്ദിരം നാശത്തിന്റെ വക്കിലായി. 2017ൽ പാലസ് അനക്സ് മന്ദിരത്തിലേക്ക് പ്രവർത്തനം മാറിയതോടെയാണ് പഴയ പാലസ് നവീകരണത്തിനായി അടച്ചുപൂട്ടിയത്. നവീകരണ പദ്ധതി നിലവിലുണ്ടായിരുന്നതിനാൽ 2018ലെ പ്രളയശേഷം മുറികളിൽ നിന്നും ചെളി നീക്കിയതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. ഇതോടെ മുറികളെല്ലാം ചിതലും മാറാലയുമെല്ലാം പിടിച്ച് നശിക്കുകയാണ്. കെട്ടിടത്തിലേക്ക് വള്ളിപ്പടർപ്പുകളും കയറി. പുതിയ അനക്സ് മന്ദിരം തുറന്നതോടെ പൈതൃക കെട്ടിടമായ പഴയ പാലസ് നവീകരിക്കുന്നതിന് ടൂറിസം വകുപ്പ് രണ്ട് കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പ് മുറേന കരാറും നൽകി. ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുകയായിരുന്നു ലക്ഷ്യം. ലിഫ്റ്റ് സംവിധാനവും പഴയ പാലസിൽ നിന്നും പുതിയ പാലസിലേക്ക് ഒന്നാം നിലയിൽ നടപ്പാലവുമെല്ലാം പദ്ധതിയിലുണ്ടായിരുന്നു. ഇതിനിടയിലാണ് 2018ലെ മഹാപ്രളയം ഉണ്ടായത്. ഇതോടെ കരാർ കാലാവധി അവസാനിച്ചതിനാൽ പൊതുമരാമത്ത് വകുപ്പിലെ കരാറുകാരൻ നിർമ്മാണം ഉപേക്ഷിച്ചുപോയി. പിന്നീട് ഊരാളുങ്കൽ സൊസൈറ്റിയുടെ ഊഴമായിരുന്നു. കെട്ടിടം നവീകരണത്തിന് പുറമെ ലാൻഡ് സ്കേപ്പിംഗിന് കൂടി ചേർത്ത് 6.5 കോടി രൂപക്കാണ് ഊരാളുങ്കൽ കരാറെടുത്തത്. ഭരണാനുമതി ലഭിച്ച ശേഷം സാങ്കേതികാനുമതിക്കായി കാത്തുനിൽക്കുന്നതിനിടെ ഊരാളുങ്കലും വിട്ടുപോയി. ഊരാളുങ്കലിന് അനർഹമായി കരാർ നൽകുന്നതായി ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് ഇവർ ഒഴിഞ്ഞതെന്നാണ് പറയപ്പെടുന്നത്.
പിന്നീട് ഇങ്ങോട്ട് ടൂറിസം വകുപ്പോ ബന്ധപ്പെട്ടവരാരോ തിരിഞ്ഞുനോക്കാത്ത അവസ്ഥയായി. വല്ലപ്പോഴും മാത്രം വല്ല ഡിപ്പാർട്ടുമെന്റ് തല യോഗം ഇവിടെ ചേർന്നാലായി. മുകളിലെ നിലയിലെ ഹാൾ മാത്രമാണ് വൃത്തിയാക്കിയിട്ടുള്ളത്. ഇടനാഴികളെല്ലാം വള്ളിപ്പടർപ്പും മാറാലയും പിടിച്ച് കിടക്കുകയാണ്. അനക്സ് മന്ദിരത്തിൽ കോൺഫ്രൻസ് ഹാൾ ഇല്ലാത്തതിനാൽ മാത്രമാണ് പഴയ കെട്ടിടത്തിലെ ഹാൾ എങ്കിലും ഉപയോഗിക്കുന്നത്. അല്ലെങ്കിൽ അതും ഇതിനകം നശിക്കുമായിരുന്നു. ഈ കെട്ടിടത്തിലെ ഫർണിച്ചറുകളെല്ലാം നശിച്ചുകൊണ്ടിരിക്കുകയാണ്. തിരുവിതാംകൂർ മഹാരാജാവിന്റെ വേനൽക്കാല വസതിയായിരുന്ന ആലുവ പാലസ്. സ്വാതന്ത്യം ലഭിച്ച ശേഷം ടൂറിസം വകുപ്പിന്റെ അതിഥി മന്ദിരമാണിത്. രാഷ്ട്രീയ സാംസ്‌കാരിക സിനിമ മേഖലയിലുള്ള നിരവധി പേർ തങ്ങിയ സ്ഥലമാണിത്. കേരളത്തെ പിടിച്ചുലച്ച നിരവധി രാഷ്ട്രീയ കരുനീക്കങ്ങൾക്കും ആലുവ പാലസ് വേദിയായിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം സിനിമാ ഷൂട്ടിംഗിനായും കെട്ടിടം വിട്ടുകൊടുത്തിരുന്നു.