കൊച്ചി: വ്യവസായം തുടങ്ങാൻ മുന്നോട്ടുവരുന്ന സംരംഭകർക്ക് സങ്കീർണതകളും കാലവിളംബവുമില്ലാതെ അനുമതി നൽകുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു. കേരളകൗമുദി കൊച്ചിയിലെത്തിയതിന്റെ ശതാബ്ദിയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന 'സംരംഭകർക്കൊപ്പം' എന്ന പ്രത്യേക പതിപ്പിന്റെ കവർപേജ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് എം.എസ്.എം.ഇ. വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള അപേക്ഷകളിൽ നടപടികൾ വേഗത്തിലാക്കാൻ കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ കൺവീനറായി വിവിധ വകുപ്പ് മേലധികാരികൾ അംഗങ്ങളായുള്ള 'നിക്ഷേപം സുഗമമാക്കൽ ബ്യൂറോ' രൂപീകരിച്ചിട്ടുണ്ട്. ജില്ലാതലത്തിലും ഇതിന്റെ കമ്മിറ്റികൾ രൂപീകരിച്ചു. കമ്മിറ്റിക്ക് എല്ലാ വകുപ്പിനുമേലും അധികാരമുണ്ട്. അവർ എടുക്കുന്ന തീരുമാനങ്ങൾ എല്ലാവർക്കും ബാധകമായിരിക്കും. വിവിധ വകുപ്പുകളിൽ നിന്ന് ആർജിക്കേണ്ട ലൈസൻസുകൾക്ക് പകരം ഇനിമുതൽ നിക്ഷേപം സുഗമമാക്കൽ ബ്യൂറോയിൽ നിന്ന് എല്ലാ വകുപ്പിന്റെയും അനുമതിയുള്ള ഒറ്റ ലൈസൻസ് ലഭിക്കും. എല്ലാ രേഖകളും കൃത്യമായിട്ടും പുതിയ സംരംഭകന് ലൈസൻസ് കിട്ടുന്നില്ലെന്ന പരാതി തന്റെ മുമ്പിൽ വന്നാൽ മുഖ്യമന്ത്രിയുടെയോ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെയോ ശ്രദ്ധയിൽപ്പെടുത്തി മേൽനടപടി സ്വീകരിക്കും. പ്രശ്നങ്ങൾക്ക് 15 ദിവസത്തിനകം പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ പതിനാറാമത്തെ ദിവസം മുതൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്ന് പ്രതിദിനം 250 രൂപ വീതം പിഴ ഈടാക്കും. ഇത്തരത്തിൽ 10,000 രൂപവരെ പിഴ ഈടാക്കും. ശേഷം വകുപ്പുതല നടപടിക്ക് വിധേയനാക്കും.

എത് വകുപ്പിനെക്കുറിച്ചും സംരംഭകരുടെ പരാതി ലഭിച്ചാൽ അഞ്ച് ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിക്കും. ഏഴ് ദിവസത്തിനകം രേഖാമൂലം മറുപടി വാങ്ങി 30 ദിവസത്തിനുള്ളിൽ പരാതിക്കാരന് പരിഹാരം ലഭ്യമാക്കും. പുതിയ അപേക്ഷകളിൽ 30 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കിൽ കല്പിത അനുമതിയായി കണക്കാക്കാമെന്നും മന്ത്രി പറഞ്ഞു.
എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ അദ്ധ്യക്ഷത വഹിച്ചു. കേരള ചേമ്പർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടറും മുൻ ചെയർമാനുമായ രാജാ സേതുനാഥ്, കേരള മർച്ചന്റ്സ് ചേമ്പർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് ജി. കാർത്തികേയൻ, എസ്.എൻ.ഡി.പി. യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ എന്നിവർ പ്രസംഗിച്ചു. ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ സ്വാഗതവും ഡി.ജി.എം (മാർക്കറ്റിംഗ്) റോയ് ജോൺ നന്ദിയും പറഞ്ഞു.

അക്വാടെക് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സജി തൂമ്പയിൽ, പെരുമ്പാവൂർ ശ്രീസ്വാമി വൈദ്യഗുരുകുലം മാനേജിംഗ് ട്രസ്റ്റി ഡോ. അഭിലാഷ് വി.ആർ. നാഥ്, ഇന്ത്യ ടെക് കൺസ്ട്രക്ഷൻ കമ്പനി മാനേജിംഗ് ഡയറക്ടർ കെ.ഒ. ജോസ്, ഹോം ടെക് ബിൽഡേഴ്സ് എം.ഡി. മിൽസൺ ജോർജ്, നിയോ ക്ലാസിക്കൽ ടൂർസ് എം.ഡി. നിഷിത്ത് കെ. ജോൺ, തിരുവാണിയൂർ മറിയം ബിസിനസ് ഗ്രൂപ്പ് എം.ഡി. സജി കെ.ഏലിയാസ്, സ്മാ‌ർട്ട് ഹോംസ് എം.ഡി. ഷൈൻ ഷാജി, തേജസ് ഫുഡ്സ് മാനേജിംഗ് ഡയറക്ടർ ടി.വി. മുരളി, ദീർഘകാലമായി കേരളകൗമുദിയുടെ കുമ്പളങ്ങി ഏജന്റായ ജോഷി കുമ്പളങ്ങി എന്നിവരെ ചടങ്ങിൽ ആദരിച്ചു.