നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ വിവിധ വിഭാഗങ്ങൾ നടത്തിയ പരിശോധനയിൽ 13 പേരിൽ നിന്നായി മൂന്ന് കോടിയോളം രൂപയുടെ സ്വർണം പിടിച്ചു. ഒരു വനിതയടക്കം ഏഴ് പേരെ കസ്റ്റംസ് സ്‌പെഷ്യൽ പ്രിവന്റീവ് ടീമും ആറ് പേരെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗവുമാണ് പിടികൂടിയത്.
ബഹറൈനിൽ നിന്നെത്തിയ അനസ്, നൗഫൽ, ഷാർജയിൽ നിന്നെത്തിയ മുഹമ്മദ് ഇർഫാൻ അലി, അമർ മുഹമ്മദ് അഷർ, ദുബായിൽ നിന്നെത്തിയ സിബി സജീർ, മുസ്തഫ മുഹമ്മദ്, ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്. ദുബായിൽ നിന്നെത്തിയ അഞ്ജും സുഫിയാൻ എന്ന യുവതിയും പിടിയിലായിട്ടുണ്ട്. പിടിയിലായവർ പത്തനംതിട്ട, വടകര, ബക്കൽ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇവരിൽ നിന്നും 5064 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഇതിന് രണ്ടര കോടിയോളം രൂപ വില വരും.
കൂടാതെ വിമാനത്താവളത്തിലെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ പിടിയിലായ ആറ് പേർ തമിഴ്‌നാട് സ്വദേശികളാണ്. ഇവരിൽ നിന്നും 700 ഗ്രാം സ്വർണമാണ് പിടികൂടിയത്. അടുത്തയിടെ നടക്കുന്ന ഏറ്റവും വലിയ സ്വർണവേട്ടയാണിത്. വൻ തോതിൽ അനധികൃതമായി സ്വർണമെത്തിക്കുന്ന റാക്കറ്റിലെ കരിയർമാരെയാണ് ദക്ഷിണേന്ത്യയുടെ ചുമതലയുള്ള കസ്റ്റംസ് സ്‌പെഷ്യൽ പ്രിവന്റീവ് ടീം പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പ്രിവന്റീവ് ടീം പരിശോധനയ്‌ക്കെത്തിയത്.