bike

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് നിന്ന് ബൈക്കുകൾ മോഷ്ടിച്ച മൂന്നുപേർ അറസ്റ്റിൽ. വാമനപുരം പൂവത്തൂർ കടയിൽവീട്ടിൽ ശ്രീക്കുട്ടൻ (22), വെഞ്ഞാറമൂട് മാണിക്കപ്പള്ളി പ്ലാവോട് തടത്തരികത്തുവീട്ടിൽ നന്ദു (19), വെഞ്ഞാറമൂട് മേലാറ്റുമൂഴി സനിൽറാണി ഹൗസിൽ ആദിത്യൻ (18) എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആശുപത്രി പരിസരത്തുനിന്ന് നിരന്തരം ബൈക്കുകൾ മോഷണം പോകുന്നതു സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കഴിഞ്ഞദിവസം ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ മംഗലപുരം സ്വദേശി സനുവിന്റെ ആഡംബര ബൈക്കും സംഘം കവർന്നിരുന്നു. തുടർന്ന് സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് വെഞ്ഞാറമൂട് നിന്ന് പിടികൂടിയത്.

രണ്ടുമാസം മുമ്പ് ആർ.സി.സിക്ക് സമീപത്ത് നിന്ന് മോഷണംപോയ ബുള്ളറ്റ് ഉൾപ്പെടെ ആറ് ബൈക്കുകൾ പ്രതികളിൽ നിന്ന് കണ്ടെടുത്തു. മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ പി. ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രശാന്ത്, ഷജീം, എ.എസ്.ഐ സാദത്ത്, എസ്.സി.പി.ഒമാരായ ജ്യോതി കെ. നായർ, രഞ്ജിത്ത്, സി.പി.ഒമാരായ ബിമൽ മിത്ര, രതീഷ്, പ്രതാപൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.