കൊച്ചി: ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയുടെ ആഡംബര വാഹന വിപണി നേട്ടത്തിന്റെ ക്ളച്ച് പിടിച്ചു! നടപ്പുവർഷം ജൂലായ് - സെപ്തംബർ പാദത്തിൽ മുൻനിര ലക്ഷ്വറി താരങ്ങളും പ്രമുഖ ജർമ്മൻ ബ്രാൻഡുകളുമായ മെഴ്‌സിഡെസ് - ബെൻസ്, ഔഡി, ബി.എം.ഡബ്ള്യു എന്നിവ ചേർന്ന് സ്വന്തമാക്കിയത് 8,500 ഓളം പുതിയ ഉപഭോക്താക്കളെ.
മൂന്നുവർഷത്തിനിടയിലെ ഏറ്റവും മികച്ച ത്രൈമാസ വില്പനയാണിത്. 4,010 വാഹനങ്ങൾ പുതുതായി നിരത്തിലിറക്കിയ മെഴ്‌സിഡെസ്-ബെൻസ് കുറിച്ചത് ഇന്ത്യയിൽ കമ്പനിയുടെ എക്കാലത്തെയും ഉയർന്ന ത്രൈമാസ വില്പന. 2,636 യൂണിറ്റുകളാണ് ബി.എം.ഡബ്ള്യു വിറ്റഴിച്ചത്; മുൻവർഷത്തെ സമാനകാലത്തേക്കാൾ 90 ശതമാനം മുന്നേറ്റം.
ചിപ്പിൽ പൊലിഞ്ഞ 10,000
ജൂലായ്-സെപ്‌തംബറിൽ ഇന്ത്യയിലെ ലക്ഷ്വറി വാഹന വില്പന 10,000 യൂണിറ്റുകൾ കവിയേണ്ടതായിരുന്നു. പ്രതീക്ഷകൾ തല്ലിക്കെടുത്തിയത് ആഗോളതലത്തിലുയർന്ന ചിപ്പ് (സെമികണ്ടക്‌ടർ) ക്ഷാമമാണ്. ക്ഷാമം നേരിട്ടതോടെ ഉത്‌പാദനം കുറയ്ക്കാൻ നിർബന്ധിതരായത് ഡിമാൻഡിനൊത്ത വില്പനയ്ക്ക് തടസമായി.
കടക്കാം 30,000
കഴിഞ്ഞവർഷത്തെ മൊത്തം വില്പനയെ ഈവർഷത്തെ ആദ്യ ഒമ്പതുമാസത്തിൽ തന്നെ ഇന്ത്യയിലെ ആഡംബര വാഹന ബ്രാൻഡുകൾ മറികടന്നിട്ടുണ്ട്. ഈ ട്രെൻഡ് തുടർന്നാൽ ഡിസംബറോടെ മൊത്തം വില്പന 28,000 മുതൽ 30,000 യൂണിറ്റുകൾ വരെ കടന്നേക്കാം.