fixed-deposit

കൊച്ചി: ബാങ്കിലെ സ്ഥിരനിക്ഷേപമാണോ പോസ്‌റ്റോഫീസുകൾ മുഖേനയുള്ള ചെറുകിട സാമ്പാദ്യ പദ്ധതികളാണോ മെച്ചം? സംശയമേ വേണ്ട ചെറു സമ്പാദ്യ പദ്ധതികൾ തന്നെ! കഴിഞ്ഞ ആറു ത്രൈമസങ്ങളായി ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് കേന്ദ്രസർക്കാർ പരിഷ്‌കരിച്ചിട്ടില്ല. റിസർവ് ബാങ്കിന്റെയും ബാങ്കുകളുടെയും വലിയ സമ്മർദ്ദമുണ്ടെങ്കിലും നടപ്പുപാദത്തിലേക്കുള്ള ചെറു സമ്പാദ്യ പദ്ധതി പലിശനിരക്കും കേന്ദ്രം നിലനിറുത്തി.

അതേസമയം, മുൻകാലങ്ങളെ അപേക്ഷിച്ച് ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ (എഫ്.ഡി) പലിശനിരക്ക് നന്നേ കുറവുമാണ്. ഇതിനെ അപേക്ഷിച്ച് ചെറു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് ഏറെ മെച്ചവുമാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പുവരെ ആറു ശതമാനത്തിനുമേൽ പലിശ ബാങ്ക് എഫ്.ഡിയിലൂടെ ഉപഭോക്താവിന് കിട്ടിയിരുന്നു. ഇപ്പോൾ പലിശനിരക്ക് ശരാശരി അഞ്ച് ശതമാനമാണ്.

എസ്.ബി.ഐയുടെ ഏറ്റവും പുതിയ കണക്കുപ്രകാരം സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് 2.9 ശതമാനം മുതൽ 5.4 ശതമാനം വരെയാണ്. മുതിർന്ന പൗരന്മാർക്ക് 3.4 ശതമാനം മുതൽ 6.2 ശതമാനം വരെ. അതേസമയം, ചെറുകിട സമ്പാദ്യ പദ്ധതികളിൽ 4.0 ശതമാനം മുതൽ 7.6 ശതമാനം വരെ പലിശ നേടാം.

എഫ്.ഡിക്ക് നെഗറ്റീവ് പലിശ!

സ്ഥിരനിക്ഷേപത്തിന് ഉപഭോക്താവ് ബാങ്കിന് പലിശ കൊടുക്കേണ്ടി വന്നാലോ? ഇതെന്ത് ചോദ്യമെന്നാവും! അതെ, നാണയപ്പെരുപ്പ (റീട്ടെയിൽ ഇൻഫ്ലേഷൻ) വർദ്ധന കണക്കാക്കിയാൽ സ്ഥിരനിക്ഷേപത്തിന് ഉപഭോക്താവിന് കിട്ടുക നെഗറ്റീവ് പലിശയായിരിക്കും. അതായത്, പലിശ ബാങ്കിന് അങ്ങോട്ട് കൊടുക്കേണ്ടി വരും. ഒരു കണക്ക് നോക്കാം:

 നിലവിൽ സ്ഥിരനിക്ഷേപത്തിന് ബാങ്ക് പലിശനിരക്ക് (ശരാശരി) അഞ്ചു ശതമാനം.

 2021-22ലേക്ക് (നടപ്പുവർഷം) റിസർവ് ബാങ്ക് വിലയിരുത്തുന്ന നാണയപ്പെരുപ്പം 5.3 ശതമാനം.

 ഉപഭോക്താവിന് എഫ്.ഡിക്ക് കിട്ടുന്ന പലിശ കണക്കാക്കുന്നത് ബാങ്കിന്റെ പലിശനിരക്കിൽ (റിയൽ ഇന്ററസ്‌റ്റ് റേറ്റ്) നിന്ന് നാണയപ്പെരുപ്പം (റീട്ടെയിൽ ഇൻഫ്ളേഷൻ) കുറയ്ക്കുമ്പോഴാണ്.

 മേൽപ്പറഞ്ഞ കണക്കുപ്രകാരം ഉപഭോക്താവിന് കിട്ടുന്ന പലിശ: 5-5.3% = -0.3 ശതമാനം

 ഫലത്തിൽ, ഉപഭോക്താവ് ബാങ്കിന് അങ്ങോട്ട് പലിശ കൊടുക്കണം.

നേട്ടം കൊയ്യാൻ ചെറു

സമ്പാദ്യ പദ്ധതികൾ

(വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളും ഒക്‌ടോബർ-ഡിസംബറിലെ പലിശനിരക്കും)

 സേവിംഗ്‌സ് നിക്ഷേപം : 4.00%

 1-വർഷ ടൈം നിക്ഷേപം : 5.5%

 2-വർഷ ടൈം നിക്ഷേപം : 5.5%

 3-വർഷ ടൈം നിക്ഷേപം : 5.5%

 5-വർഷ ടൈം നിക്ഷേപം : 6.7%

 മുതിർന്ന പൗരന്മാരുടെ സേവിംഗ്‌സ് സ്‌കീം : 7.4%

 പ്രതിമാസ ഇൻകം അക്കൗണ്ട് : 6.6%

 എൻ.എസ്.സി : 6.8%

 പി.പി.എഫ് : 7.1%

 കിസാൻ വികാസ് പത്ര : 6.9%

 സുകന്യ സമൃദ്ധി യോജന : 7.6%

മുതിർന്ന പൗരന്മാരുടെ വരുമാനം

വിശ്രമ ജീവിതം ആസ്വദിക്കുന്നവരും വരുമാനത്തിന് ബാങ്ക് എഫ്.ഡിയെ ആശ്രയിക്കുന്നവരുമായ, മുതിർന്ന പൗരന്മാർക്ക് ഇപ്പോൾ ലഭിക്കുന്ന പലിശനിരക്ക് 5-6.5 ശതമാനം വരെയാണ്. 5.3 ശതമാനം നാണയപ്പെരുപ്പം പരിഗണിക്കുമ്പോൾ എഫ്.ഡിയിൽ നിന്നുള്ള ഇവരുടെ നേട്ടം കുറവായിരിക്കും.

അതേസമയം, ചെറുകിട സമ്പാദ്യ പദ്ധതിയിലെ 5-വർഷ ടൈം ഡെപ്പോസിറ്റിലൂടെ 6.7 ശതമാനം, സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം അല്ലെങ്കിൽ പ്രധാനമന്ത്രി വയവന്ദന യോജനയ്ക്ക് (പി.എം.വി.വി.വൈ) 7.4 ശതമാനം എന്നിങ്ങനെ പലിശ നേടാം.