തിരുവനന്തപുരം: ചാല മാർക്കറ്റിലുള്ള അരി മൊത്തവ്യാപാര കടയിൽ നിന്ന് 21 ലക്ഷം രൂപ തട്ടിയെടുത്ത മാനേജർ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ രാജാറാമിനെയാണ് (52) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ചാലയിലെ ഭാരത് ട്രേഡേഴ്സിൽ കാഷ്യറും മാനേജരുമായി ജോലി നോക്കിയിരുന്ന രാജാറാം അക്കൗണ്ടുകളിലും ബാലൻസ് ഷീറ്റിലും കൃത്രിമം കാണിച്ചാണ് പണം തട്ടിയെടുത്തത്. വ്യാജ ബില്ലുകൾ ചമച്ചും വിറ്റുവരവ് കണക്കുകളിൽ തിരിമറി നടത്തിയും പ്രതി തന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് പണം മാറ്റി.
തട്ടിപ്പ് മനസിലാക്കിയ സ്ഥാപന ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ്. ഷാജിയുടെ നേതൃത്വത്തിൽ എസ്.എച്ച്.ഒ രാകേഷ്, എസ്.ഐ മാരായ സജു എബ്രഹാം, ദിനേശ്, സുജിത് ചന്ദ്രപ്രസാദ്, സി.പി.ഒമാരായ ബിനു, പ്രഭുൽകുമാർ, അൽഫിൻ ജോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.