valiya

തിരുവനന്തപുരം: വെട്ടുകാട് ബാലനഗറിലെ വീട്ടിൽക്കയറി ആക്രമണം നടത്തിയ കേസിൽ ഒളിവിലായിരുന്ന രണ്ടുപേർ അറസ്റ്റിൽ. വെട്ടുകാട് സെന്റ് മേരീസ് സ്‌കൂളിനു പിറകുവശം താമസിക്കുന്ന അരുൺ (20), ടൈറ്റാനിയത്തിനു സമീപം തൈവിളാകം വീട്ടിൽ ഷാൻ ജറോം (21) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ച് പ്രതികളെ നേരത്തേ പിടികൂടിയിരുന്നു.
2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ലഹരി ഉപയോഗിക്കുന്നത് പറഞ്ഞു വിലക്കിയതിലുള്ള വിരോധം കാരണം ബാലനഗർ സ്വദേശി സുജിത്തിന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ ഏഴംഗസംഘം സുജിത്തിന്റെ സഹോദരിയുടെ മകനെയും ബന്ധുവിനെയും ആക്രമിക്കുകയായിരുന്നു. ശംഖുംമുഖം അസി.കമ്മിഷണർ ഡി.കെ. പൃഥ്വിരാജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വലിയതുറ എസ്.എച്ച്.ഒ പ്രകാശ്, എസ്.ഐ അഭിലാഷ്, എസ്.സി.പി.ഒ പ്രവീൺരാജ്, സി.പി.ഒ ഷാബു എന്നിവരടങ്ങിയ സംഘമാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.