riyaz

ന്യൂഡൽഹി: കേരളത്തിലെ പൊതുമരാമത്ത് ടൂറിസം മേഖലകളിലെ സാങ്കേതിക വികസനവുമായി ബന്ധപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസ് കേന്ദ്ര സ്‌കിൽ ഡെവലപ്‌മെന്റ് ആന്റ് എന്റർപ്രണർഷിപ്പ്, ഇലക്ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി സഹ മന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. ജനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനും പരാതി അറിയിക്കാനും മെച്ചപ്പെട്ട സാങ്കേതിക സംവിധാനം നടപ്പിലാക്കാൻ സഹകരിക്കും.

പി.ഡബ്ളിയു.ഡി ഫോർ യു എന്ന ആപ്പിന്റെ പ്രവർത്തനം വിപുലീകരിക്കുന്നത് സംബന്ധിച്ച് സഹകരണം തേടി.

റോഡ് ടാറിംഗിനു ശേഷം പല ആവശ്യങ്ങൾക്ക് വീണ്ടും പൊളിക്കുന്ന പ്രശ്നം പരിഹരിക്കുന്നതിന് കേരള വാട്ടർ അതോറിട്ടി, കെ.എസ്.ഇ.ബി ഉൾപ്പെടെയുള്ള മറ്റ് വകുപ്പുകളുടെ ഏകീകരണത്തിന് പോർട്ടൽ രൂപീകരിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തി.

വിദേശ രാജ്യങ്ങളിലെ റോഡ്നിർമ്മാണത്തിന്റെ സാങ്കേതികവിദ്യകൾ കേരളത്തിൽ നടപ്പിലാക്കാനുള്ള സാദ്ധ്യതകളും ആരാഞ്ഞു.

കേരളത്തിലെ ടൂറിസം വികസനത്തിനായി ഓരോ തദ്ദേശീയ സ്ഥാപനത്തിലും പഞ്ചായത്തുകളിലും ടൂറിസത്തിന് അനുയോജ്യമായ ഒന്നിൽ കുറയാത്ത കേന്ദ്രങ്ങൾ വേണമെന്നതാണ് സംസ്ഥാനത്തിന്റെ കാഴ്ചപ്പാട്. കേരളത്തിന്റെ ഏറ്റവും വലിയ സാദ്ധ്യതയായ വെൽനസ് ടൂറിസം ലോകത്തിന് പരിചയപ്പെടുത്താനുള്ള സാങ്കേതിക സഹായവും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. രാജ്യസഭാ എം.പി എം.വി. ശ്രേയാംസ്‌കുമാറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.