range-rover

കൊച്ചി: ലാൻഡ് റോവറിന്റെ എസ്.യു.വി റേഞ്ച് റോവറിന്റെ അഞ്ചാംതലമുറ പതിപ്പ് 2022ന്റെ തുടക്കത്തിൽ വിപണിയിലെത്തും. പുത്തൻ ആഡംബര ഫീച്ചറുകളും എൻജിൻ ഓപ്‌ഷനുകളും ഉൾപ്പെടെ ഒട്ടേറെ മികവുകളുണ്ട്.

പെട്രോളിലും ഡീസലിലും മൂന്നുവീതവും രണ്ട് പ്ളഗ്-ഇൻ ഹൈബ്രിഡ് എൻജിൻ പതിപ്പുകളിലാണ് പുത്തൻ ലാൻഡ് റോവറിന്റെ ഈ ഫ്ളാഗ്‌ഷിപ്പ് മോഡൽ എത്തുന്നത്. എസ്.ഇ., എച്ച്.എസ്.ഇ., ഓട്ടോബയോഗ്രഫി, എസ്.വി എന്നീ വേരിയന്റുകളാണുള്ളത്. 2024ൽ സമ്പൂർണ ഇലക്‌ട്രിക് പതിപ്പുമെത്തും. ആധുനികവും ആഡംബരത്തിന് പുതിയ മാനങ്ങൾ നൽകുന്നതുമാണ് രൂപകല്‌പന.

നാല്, അഞ്ച്, ഏഴ് സീറ്റർ ഓപ്‌ഷനുകളുണ്ട്. ലാൻഡ് റോവറിന്റെ 'മോഡുലാർ ലോംഗിട്യൂഡിനൽ ആർക്കിടെക്‌ചർ" അഥവാ എം.എൽ.എ ഫ്ളക്‌സിൽ അധിഷ്‌ഠിതമാണ് പൂർണമായും പുത്തൻ റേഞ്ച് റോവർ. സ്‌റ്റാൻഡേർഡ്, ലോംഗ് വീൽബേസ് ഓപ്‌ഷനുകളിൽ ലഭിക്കും. പുറംമോടിയിൽ ഓരോ ഘടകവും ആകർഷകവും ലക്ഷ്വറി ടച്ചുള്ളതുമാണ്. പുതിയ ഗ്രിൽ, ഹെഡ്‌ലാമ്പ്, ബമ്പർ, അലോയ് വീലുകൾ, പിൻഭാഗത്തെ ബ്ളാക്ക് ബാർ, അതിൽ ഇന്റഗ്രേറ്റ് ചെയ്‌തിട്ടുള്ള സ്പോർട്സ് ബ്ളാക്കൗട്ട് ടെയിൽഗേറ്റുകൾ എന്നിവ ശ്രദ്ധേയം.

ആഡംബരത്തിന്റെ അതിരുകൾ തകർക്കുന്നതാണ് അകത്തളം. അഞ്ച് നിറഭേദങ്ങൾക്ക് പുറമേ സൺസെറ്റ് ഗോൾഡ് സാറ്റിൻ ഫിനിഷ് എക്‌സ്‌ക്ളുസീവ് നിറത്തിലും ലഭിക്കും. ഹൈബ്രിഡ് പതിപ്പിൽ 100 കിലോമീറ്റർവരെ റേഞ്ച് ഇലക്ട്രിക് ഡ്രൈവിംഗിന് റേഞ്ച് റോവർ അവകാശപ്പെടുന്നു.