തൊടുപുഴ: കോൺഗ്രസിൽ സൗമ്യതയുടെ മുഖമുദ്രയായ അഡ്വ. എസ്. അശോകൻ ഇനി കെ.പി.സി.സി ജനറൽ സെക്രട്ടറി. മികവുറ്റ സംഘാടകനെന്ന പേരും പെരുമയുമായി എട്ട് വർഷമായി യു.ഡി.എഫിന്റെ ജില്ലാ തലപ്പത്തുള്ള അശോകൻ വക്കീലിന് ഇത് പുതിയ നിയോഗമാണ്. മൂവാറ്റുപുഴ നിർമലാ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അശോകൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. പിന്നീട് സജീവ കെ.എസ്.യു പ്രവർത്തകനായി. ന്യൂമാൻ കോളേജിൽ ബിരുദത്തിന് പഠിക്കുമ്പോൾ നേതൃസ്ഥാനത്തേക്ക് ഉയർന്നു വന്നു. 1973ൽ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റായി. തൊട്ടടുത്ത വർഷം പ്രസിഡന്റായി. 1975ൽ കെ.എസ്.യു തൊടുപുഴ താലൂക്ക് കമ്മിറ്റി മെമ്പറുമായി. തുടർന്ന് മൈസൂരു ശാരദവിലാസ് ലാ കോളേജ് എൽ.എൽ.ബി പഠനത്തിന് ചേർന്നപ്പോഴും രാഷ്ട്രീയം വിട്ടില്ല. 1979ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 1980ൽ തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും ആക്ടിങ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്. ഡി.സി.സി. ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗമായിരുന്നു.