വണ്ടിപ്പെരിയാർ: ബാല സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ സമൂഹത്തിലെ എല്ലാവരുടെയും ശ്രമം ആവശ്യമാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ കെ .വി .മനോജ് കുമാർ പറഞ്ഞു. വണ്ടിപ്പെരിയാറിൽ സംഘടിപ്പിച്ച ബാലസൗഹൃദ കേരളം പദ്ധതിയുടെ ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. . കുട്ടികളുടെ നിയമങ്ങളെക്കുറിച്ചും അവകാശത്തെയും സംരക്ഷണത്തെയും പറ്റി ബോധവാന്മാരാകേണ്ടതിന്റെആവശ്യകതയെക്കുറിച്ചും കുട്ടികൾക്കെതിരായ അക്രമങ്ങൾ തടയുന്നതിനു വേണ്ടിയും ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ ബോധവൽക്കരിക്കുന്നതിനുമാണ് കമ്മീഷൻ ഇത്തരം ശില്പശാലകൾ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കമ്മീഷൻ അംഗം ഫാ. ഫിലിപ്പ് പരക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് കെ. എം ഉഷ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഗീത എം. ജി, കമ്മീഷൻ അംഗം റെനി ആന്റണി എന്നിവർ പ്രസംഗിച്ചു.കമ്മിഷൻ അംഗങ്ങളായ കെ. നസീർ , ബി. ബബിത, സി.വിജയകുമാർ, കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി സ്‌പെഷ്യൽ ജഡ്ജ് ഫിലിപ്പ് തോമസ് , അഡ്വ. എ. വൈ ജയരാജ് , മജീഷ്യൻ ഗോപിനാഥ് മുതുകാട് സംസ്ഥാന കമ്മിഷൻ സീനിയർ ടെക്‌നിക്കൽ ഓഫീസർ (ആർ.റ്റി.ഇ സെൽ) ലതിക കെ എന്നിവർ സംബന്ധിച്ചു.