ഇടുക്കി: സി എച്ച് ആർ വനം മേഖലയാണെന്ന് അവകാശവാദം വനംവകുപ്പ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വനം മന്ത്രി എ കെ ശശീന്ദ്രന് കാർഡമം ഗ്രോവേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നിവേദനം നൽകി.സി എച്ച് ആർ മേഖല റവന്യൂ ഭൂമിയാണ് എന്ന് വ്യക്തമാക്കുന്ന രേഖകളോടുകൂടിയാണ് ഭാരവാഹികൾ മന്ത്രിയെ കണ്ടത്. വനമേഖലയോട് ചേർന്ന് കിടക്കുന്ന ജനവാസ മേഖലകളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഏകപക്ഷീയമായി കൃഷികൾ വെട്ടി നശിപ്പിക്കുകയും അനാവശ്യമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിക്കാൻ സർക്കാർ ഭാഗത്തുനിന്ന് കർശനമായ ഇടപെടൽ ഉണ്ടാവണം. മനുഷ്യ വന്യജീവി സംഘടനം കുറയ്ക്കുന്നതിന് എന്ന് വ്യാഖ്യാനിച്ചുകൊണ്ട് വന്യജീവി ഇടനാഴികൾ സൃഷ്ടിക്കാനുള്ള നീക്കം ഉപേക്ഷിക്കുക.വർദ്ധിച്ചു വരുന്ന വന്യജീവി ശല്യം നിയന്ത്രിച്ച് ജനങ്ങളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കാർഡമം ഗ്രോവേഴ്‌സ് ഫെഡറേഷൻ നിവേദനം നൽകിയത്.അസോസിയേഷൻ ഭാരവാഹികളായ ആർ മണിക്കുട്ടൻ,വി ജെ ജോസഫ് ,പി ആർ സന്തോഷ്,രാജൻ സാത്തി,പി രവിഎന്നിവരാണ് നിവേദനം സമർപ്പിച്ചത്.