തൊടുപുഴ: ജില്ലാ ആശുപത്രി റൂട്ടിൽ വാഹനങ്ങളിൽ എത്തുന്നവർ കുരുക്കിൽപ്പെട്ടതുതന്നെ. . റോഡിലെ കുഴികളും പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളും കടന്ന് വാഹനങ്ങൾ ആശുപത്രിയിലേക്ക് എത്തുക ഏറെ ദുഷ്ക്കരം. .മങ്ങാട്ട്കവല - കാരിക്കോട് റൂട്ടിൽ നിന്ന് തിരിഞ്ഞ് ജില്ലാ ആശുപത്രിയിലേക്കുള്ള റോഡ് ആരംഭിക്കുന്നത് മുതൽ ഇതാണ് അവസ്ഥ. റോഡിന്റെ ഇരു വശങ്ങളിലും വാഹന പാർക്കിങ്ങ് നിരോധിച്ച് പൊലീസ് ബോർഡ് വെച്ചിട്ടുണ്ടെങ്കിലും അതൊന്നും വക വെക്കാതെയാണ് കാറും ഇരു ചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹന പാർക്കിങ്ങ് തുടരുന്നത്. രോഗികളുമായി എത്തുന്ന ആംബുലൻസുകളും മറ്റ് വാഹനങ്ങളും മിക്കവാറും സമയങ്ങളിൽ റോഡിൽ കുരുങ്ങുന്ന അവസ്ഥയാണുള്ളത്. പ്രധാന റോഡിൽ നിന്ന് ആശുപത്രിയിലേക്ക് തിരിയുന്ന ഭാഗത്തുള്ള വാഹനക്കുരുക്കിനും വർഷങ്ങളായി പരിഹാരം ആകുന്നില്ല.