ഇടുക്കി: വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ദീർഘനാളത്തെ പരാതികൾക്ക് പരിഹാരംകാണാൻ വനംമന്ത്രിയുടെ ഇടപെടൽ. വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലിറങ്ങി നാശനഷ്ടം വരുത്തുന്നതും വനം വകുപ്പുമായി ബന്ധപ്പെട്ട് നാട്ടുകാരും വനംവകുപ്പ് ഉദ്യാഗസ്ഥരും തമ്മിൽ നിരന്തരമായുണ്ടാകുന്ന പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കൂടിയായിരുന്നു മന്ത്രി എ. കെ. ശശീന്ദ്രന്റെ ജില്ലാ സന്ദർശനം.കളക്ടറേറ്റിൽ ജനപ്രതിനിധികളും വനം , റവന്യുവകുപ്പ് , പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
അതിർത്തി പങ്കിടുന്ന ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ഉടൻ വിളിച്ചു ചേർക്കുമെന്ന് വനം മന്ത്രി പറഞ്ഞു. . എല്ലാ മാസവും അവലോകന യോഗം സംഘടിപ്പിച്ച് റിപ്പോർട്ട് വനം ,റവന്യു വകുപ്പ് മന്ത്രിമാർക്ക് സമർപ്പിക്കണം. വന്യമൃഗങ്ങൾ ജനവാസ മേഖലയിലേയ്ക്ക് കടക്കുന്നത് തടയുന്നതിനുള്ള അതിർത്തി സുരക്ഷ വേലികൾ നിർമിക്കാനായി എംപി, എംഎൽഎ മാരുടേതടക്കമുള്ള ഫണ്ടുകൾ, ത്രിതല പഞ്ചായത്ത് ഫണ്ട്, തൊഴിലുറപ്പ് സംവിധാനങ്ങൾ എന്നിവ പ്രയോജനപ്പെടുത്തുന്നതിനുള്ള സാദ്ധ്യതകൾ പരിശോധിക്കാനും മന്ത്രി നിർദേശിച്ചു.
ഒരിക്കൽ ജണ്ട കെട്ടി തിരിച്ച സ്ഥലത്ത് വീണ്ടും പുതിയ ജണ്ടകൾ സ്ഥാപിക്കേണ്ട കാര്യമില്ല. .വനം വകുപ്പിന്റെ സ്ഥലത്തിൽ കൂടി കടന്നു പോകുന്ന റോഡുകളുടെ വികസനത്തിന് വനം വകുപ്പ് തടസം സൃഷ്ടിക്കുന്നതായി ചർച്ചയിൽ ഉയർന്ന ആക്ഷേപം അടിയന്തരമായി പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് മന്ത്രി ഫോറസ്റ്റ് ചീഫ് കൺസർവേറ്റർമാർക്ക് നിർദേശം നൽകി.പ്രകൃതി സംരക്ഷണത്തിനൊപ്പം വികസനോന്മുഖ പ്രവർത്തനങ്ങൾക്കും അവസരമൊരുങ്ങണം.നിലവിലുള്ള റോഡുകൾ പുതുക്കി പണിയുന്നതിന് ഉദ്യോഗസ്ഥർ തടസ്സം നിൽക്കുന്ന സാഹചര്യം ഒഴിവാക്കണം മന്ത്രി നിർദേശിച്ചു.
മറ്റ് പ്രധാന
നിർദേശങ്ങൾ
മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കുന്നതിനായി. ഇതിനായി മറ്റു ജില്ലകളിൽ ആരംഭിച്ച മാതൃകയിൽ ജന ജാഗ്രതാ സമിതികൾ രൂപീകരിക്കും.
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കുന്നതിന് ആരംഭിക്കുന്നതിന്റെ ഭാഗമായി തോക്ക് ലൈസൻസ് ഉള്ളവരുടെ പാനൽ തയാറാക്കും
നാട്ടുകാർക്ക് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് തടസം നിർക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ല
വനത്തിനുള്ളിലൂടെ ജനവാസ മേഖലയിലേക്കുള്ള റോഡിന്റെ വികസനം സംബന്ധിച്ച കാര്യത്തിൽ കൂട്ടായ തീരുമാനമെടുക്കണം.
പാൽക്കുളംമേട്, കുയിലിമല ,മൈക്രോ മല തുടങ്ങിയ മേഖലകളിൽ ടൂറിസം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും
യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ വാഴൂർ സോമൻ, എ രാജ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ,ജില്ലാ കളക്ടർ ഷീബ ജോർജ്, ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ, ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസാമി, എഡിഎം ഷൈജു പി ജേക്കബ് , ഫോറസ്റ്റ് ചീഫ് കൺസർവേറ്റർമാരായ പി.പി.പ്രമോദ്, ജോർജ്ജി പി.മാത്തച്ചൻ , മൂന്നാർ ഡിഎഫ്.ഒ രാജു കെ ഫ്രാൻസിസ്, വനം വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.