തൊടുപുഴ: അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് വയോജന കൂട്ടായ്മ സംഘടിപ്പിച്ച ഓൺലൈൻ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. . സാമൂഹ്യനീതി വകുപ്പ് ,കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാ കലക്ടർ ഷീബ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വയോജനങ്ങൾ സന്തോഷവും ആവശ്യങ്ങളും നിരത്തി. കൊവിഡ് പ്രതിരോധത്തിൽ ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും ഭാഗത്തു നിന്നുണ്ടായ കുരതലിലും അവർ നന്ദി അറിയിച്ചു. . വാർദ്ധക്യകാല പെൻഷൻ അപേക്ഷ വേഗത്തിൽ പരിഗണിക്കണം. സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ എന്നിവ ഉപയോഗിക്കുന്നതിന് പരിശീലനം നൽകണം, രക്ഷിതാക്കളെ സംരക്ഷിക്കാത്ത മക്കളെ നേർവഴിക്കു നടത്താൻ സംവിധാന ഉണ്ടാകണം. ആഹാരവും മരുന്നും മാത്രമല്ല നല്ല സംസാരവും, സംസർഗവും, സാന്ത്വനവുമാണ് മക്കളിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും വയോജനങ്ങൾ യോഗത്തിൽ അഭിപ്രായപ്പെട്ടു. ജില്ലാ സാമൂഹിക നീതി ഓഫീസർ സി.ജെ ബിനോയ് മോഡറേറ്ററായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ, സാമൂഹ്യ സുരക്ഷ മിഷൻ ജില്ലാ കോഓർഡിനേറ്റർ സിഡിഎസ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.