പിടിയിലായത് വിവിധ കേസുകളിൽ ഉൾപ്പെട്ട ആൾ
കൂട്ടാർ സ്വദേശിനിയുടെ 64 ലക്ഷം തട്ടിയെടുത്തു
നിരവധി ക്ഷേത്ര മോഷണങ്ങൾ നടത്തി
മോഷണവീരൻമാരെ ജീവനക്കാരായിവെച്ച് സൂപ്പർമാർക്കറ്റ് നടത്തി
വാത്തനം മറിച്ച് വിറ്റതിന് കേസുകളേറെ
പല കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചു
കട്ടപ്പന: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ നിന്ന് വാഹനങ്ങൾ വാടകയ്‌ക്കെടുത്ത ശേഷം തമിഴ്‌നാട്ടിൽ എത്തിച്ച് വിൽപ്പന നടത്തിവന്ന സംഘത്തിലെ പ്രധാനിയെ പിടികൂടി.
വെള്ളയാംകുടി കൂനംപാറയിൽ ജോമോൻ ജോൺ (ടോം-44) ആണ് കട്ടപ്പന ഡിവൈ.എസ് .പി വി.എ. നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വഞ്ചന കേസുകളിൽ നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട്ടിലെ തേനിയിൽ നിന്ന് ഇയാൾ അറസ്റ്റിലായത്.
പ്രതിക്കെതിരെ മോഷണം, വാഹനം മറിച്ച് വിൽക്കൽ, ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് പണം തട്ടിപ്പ് തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്. കേസുകൾ രജിസ്റ്റർ ചെയ്തത് അറിഞ്ഞ് പ്രതി തമിഴ്‌നാട്ടിലേക്ക് കടന്ന് ഒളിവിൽ കഴിയുകയായിരുന്നു. ചെറിയ തുകയ്ക്ക് വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് തമിഴ്‌നാട്ടിലെത്തിച്ച് വിൽപ്പന നടത്തുകയാണ് രീതി. വിവിധ ബാങ്കുകളിൽ നിന്ന് ലോൺ ശരിയാക്കി കൊടുക്കാം എന്നുപറഞ്ഞ് കമ്മീഷൻ ഇനത്തിൽ ലക്ഷക്കണക്കിന് രൂപ മുൻകൂറായി വാങ്ങിയും തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ നെടുങ്കണ്ടം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 30 ലക്ഷം തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് രണ്ടരലക്ഷം കമ്മീഷനായി വാങ്ങി. കൂടാതെ 64 ലക്ഷം രൂപ വിലവരുന്ന കൂട്ടാർ സ്വദേശിനിയുടെ വസ്തു സ്വന്തം പേരിലേക്ക് രജിസ്റ്റർ ചെയ്ത ശേഷം പണം കൊടുക്കാതെ വഞ്ചിച്ചതായും പിന്നീട് ഈ സ്ഥലം മറിച്ച വിറ്റ കേസിലും പരാതിയുണ്ട്. ഈ സ്ഥലം കന്യാകുമാരി സ്വദേശി മൈക്കിൾ രാജ് എന്നയാൾക്ക് നൽകാമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ കയ്യിൽ നിന്നും 23 ലക്ഷം കൈപ്പറ്റി വഞ്ചിച്ചതിനും പരാതിയുണ്ട്.
നിരവധി ക്ഷേത്ര മോഷണങ്ങൾ കൂടാതെ പാലക്കാട് ജില്ലയിലെ ആലത്തൂർ ബീവറേജ് ഷോറൂം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി ഇപ്പോഴും വിചാരണ നേരിടുകയാണ്. 2012 കാലയളവിൽ കോട്ടയം, എറണാകുളം ജില്ലകളിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണ പരമ്പര നടത്തിയിരുന്നു. ഈ കേസിൽ ജോമോനെ 2015ൽ കട്ടപ്പന നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂവാറ്റുപുഴയിൽ സൂപ്പർമാർക്കറ്റ് നടത്തി മോഷണ സ്വഭാവമുള്ള ആളുകളെ ജീവനക്കാരായി നിയമിച്ച അവരുമായി പോയാണ് മോഷണം നടത്തിയിരുന്നത്. ലഭിക്കുന്ന പണം സൂപ്പർമാർക്കറ്റ് വഴിയാണ് ചിലവാക്കിയിരുന്നത്. ഈ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
മുനമ്പം, പിറവം, പെരുമ്പാവൂർ, വെള്ളൂർ, മുളന്തുരുത്തി, കമ്പംമെട്ട്, മാന്നാർ, പള്ളുരുത്തി എന്നീ പൊലീസ് സ്റ്റേഷനിലും ജോമോനെതിരെ വാഹനം മറിച്ചുവിറ്റതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളുടെ മറ്റ് കേസുകളുടെ അന്വേഷണം ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമിയുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. നെടുങ്കണ്ടം സിഐ ബി.എസ്. ബിനു, എസ്‌ഐ അജയകുമാർ, സജിമോൻ ജോസഫ്, ഉദ്യോഗസ്ഥരായ ബേസിൽ പി. സിറിയക്, സുബൈർ എസ്, ടോണി ജോൺ, അനീഷ് വി.കെ. എന്നിവരാണ് പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്..