കൊച്ചി: മൂന്നാർ പള്ളിവാസലിലെ മാടപ്പറമ്പിൽ റിസോർട്ടിന്റെ നിർമ്മാണത്തിനെതിരെ വില്ലേജ് ഒാഫീസർ നൽകിയ സ്റ്റോപ്പ് മെമ്മോ പിൻവലിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. റിസോർട്ട് നിർമ്മാണത്തിന് അനുമതി നൽകിയ ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കെ പള്ളിവാസൽ വില്ലേജ് ഒാഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയതിനെതിരെ റിസോർട്ട് ഉടമ വർഗീസ് കുര്യൻ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം. സെപ്തംബർ 25നാണ് വില്ലേജ് ഒാഫീസർ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ് സ്റ്റോപ്പ് മെമ്മോ നൽകിയത്.
നേരത്തെ ഹർജിക്കാരൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഇവിടെ റിസോർട്ടിന്റെ നിർമ്മാണത്തിന് അനുമതി നൽകിയിരുന്നു. ഇതിനെതിരെ നൽകിയ പുന:പരിശോധനാ ഹർജി ഹൈക്കോടതി അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് വില്ലേജ് ഒാഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയത്. സെപ്തംബർ 29ന് വില്ലേജ് ഒാഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നിർമ്മാണസാമഗ്രികൾ പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ സർക്കാരിന്റെ റിവ്യൂഹർജി അനുവദിച്ചുള്ള ഉത്തരവ് ഇനിയും ലഭ്യമായിട്ടില്ലെന്നത് കണക്കിലെടുത്താണ് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ സ്റ്റോപ്പ് മെമ്മോ പിൻവലിക്കാൻ നിർദ്ദേശിച്ചത്. പിടിച്ചെടുത്ത സാമഗ്രികൾ തിരിച്ചുനൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇൗ ഉത്തരവ് റിവ്യൂ ഹർജിയിലെ തീർപ്പിന് വിധേയമായിരിക്കുമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.