waiting-shed

 ഉദ്യോഗസ്ഥ സംഘം ഇന്ന് നെല്ലാപ്പാറ അപകടവളവ് സന്ദർശിക്കും

തൊടുപുഴ: ഒടുവിൽ ഒരു ജീവൻ പൊലിഞ്ഞപ്പോൾ നെല്ലാപ്പാറയിലെ അപകടവളവിന്റെ പ്രശ്നങ്ങൾ പഠിക്കാൻ അധികൃതർ തീരുമാനിച്ചു. ഇന്ന് രാവിലെ 9.30ന് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നെല്ലാപ്പാറയിലെ കൊടുംവളവ് സന്ദർശിക്കും. പി.ഡബ്ല്യു.ഡി എൻജിനിയർ,​ തൊടുപുഴ ഡിവൈ.എസ്.പി,​ കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ സംഘത്തോടൊപ്പമുണ്ടാകും. ഇവിടത്തെ കൊടുവളവിൽ അപകടങ്ങൾ തുടർക്കഥയാവുകയും കഴിഞ്ഞ വ്യാഴാഴ്ച ഒരാൾ ലോറി മറിഞ്ഞ് മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ സന്ദർശനം. ഈരാറ്റുട്ടപേട്ടയിൽ നിന്ന് ആക്രി സാധനങ്ങൾ കയറ്റി ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ ക്ലീനറായ ബംഗാൾ സ്വദേശി രഞ്ജിത്താണ് (30)​ മരിച്ചത്. ലോറി ഡ്രൈവർ പാലക്കാട് സ്വദേശി ഭാവദാസൻ (38)​ സാരമായ പരിക്കേറ്റ് ചികിത്സയിലാണ്. ഇതിനും ഒരാഴ്ച മുമ്പ് തടി കയറ്റി വന്ന ലോറി ഇതേ സ്ഥലത്ത് നിയന്ത്രണം വിട്ട് മറിഞ്ഞ് ചൈന്നൈ സ്വദേശിയായ ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. അതിന് മുമ്പ് നിരവധി ലോറികളും ബസുകളും ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. മൂന്ന് വർഷം മുമ്പ് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച കെ.എസ്.ആർ.ടി.സി ബസ് മരത്തിൽ തട്ടി നിന്നതിനാലാണ് വലിയ ദുരന്തമുണ്ടാകാതിരുന്നത്. നാല് വർഷം മുമ്പ് കോടികൾ മുടക്കി റോ‌ഡ് പുതുക്കിപണിതെങ്കിലും വളവ് നികത്താൻ തയ്യാറാകാതെ അശാസ്ത്രീയമായി റോഡ് നിർമിച്ചതാണ് അപകടത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. പരിചയമില്ലാത്ത ഡ്രൈവർമാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. മുകളിൽ നിന്ന് വേഗത്തിലെത്തുന്ന വാഹനത്തിലെ ഡ്രൈവർ വളവ് കാണുമ്പോൾ പെട്ടെന്ന് ബ്രേക്കിടുന്നതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണം. അപകടവളവാണെന്ന് സൂചിപ്പിക്കുന്ന മഞ്ഞ ലൈറ്റ് റോ‌ഡരികിലുണ്ടായിരുന്നത് കേടായിട്ട് ഇതുവരെ നന്നാക്കാൻ നടപടി സ്വീകരിച്ചിട്ടില്ല.

റോഡിന് ആവശ്യത്തിന് വീതിയുണ്ടെങ്കിലും കേർവിംഗ് കുറവാണെന്നാണ് മോട്ടോർവാഹനവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. ഇന്ന് സ്ഥലം സന്ദർശിക്കുന്ന ഉദ്യോഗസ്ഥസംഘം അപകടം തടയുന്നതിന് അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ ആലോചിക്കും. മോട്ടോർവാഹന വകുപ്പിന്റെയും പൊലീസിന്റെയും പഞ്ചായത്തിന്റെയും നിർദേശം പൊതുമരാമത്ത് വകുപ്പിന് നൽകും. ഇവരാണ് നിർദേശങ്ങൾ നടപ്പിലാക്കേണ്ടത്. അപകടങ്ങൾ തുടർക്കഥയായതോടെ സംഭവത്തിൽ ആർ.ഡി.ഒയ്ക്കും എ.ഡി.എമ്മിനും പരാതി നൽകുമെന്ന് അഡ്വ. ടോം തോമസ് പൂച്ചാലിൽ പറഞ്ഞു.

പൊതു നിർദേശങ്ങൾ ഇവ

ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുക

തകർന്ന ബാരിയർ മാറ്റി സ്ഥാപിക്കുക

റിഫ്ലക്ടിംഗ് ലൈറ്റുകൾ സ്ഥാപിക്കുക

റോഡിന് നടുവിൽ മഞ്ഞ വര വേണം

സംരക്ഷണമതിൽ കെട്ടണം
വളവിൽ മിറർ സ്ഥാപിക്കണം

ഇൻഡിക്കേറ്ററുള്ല റോഡ് സ്ട്രിപ്സ് വയ്ക്കുക