കട്ടപ്പന: സഹകരണ ആശുപത്രിയിൽ വീണ്ടും സർജറി മികവ്. സ്‌പൈൻ സർജറി വിജയകരമായി പൂർത്തിയാക്കിയാണ് ഇത്തവണ സഹകരണ ആശുപത്രി മികവ് തെളിയിച്ചത്. നേരത്തെ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തീകരിച്ച് സഹകരണ ആശുപത്രി ജനശ്രദ്ധനേടിയിരുന്നു. പീരുമേട് മൂങ്കലാർ സ്വദേശിനിയായ 36 കാരിക്കാണ് നട്ടെല്ലിനുളള ശസ്ത്രക്രിയ നടത്തിയത്. കടുത്ത നടുവു വേദനയും കാലിന് മരപ്പുമായാണ് യുവതി സഹകരണ ആശുപത്രിയിൽ എത്തിയത്. ഡിസ്‌ക്ക് പുറത്തേക്ക് തളളിയിരുന്നതുമൂലം ഞരമ്പിനുളളിൽ രൂപപ്പെട്ട നീർകെട്ട് കലശലായ വേദനക്ക് കാരണമാവുകയും ചെയ്തിരുന്നു. 3 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് പുറത്തേക്ക് തളളിയ ഡിസ്‌ക്കിന്റെ ഭാഗം നീക്കം ചെയ്തത്. ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ച യുവതി ആശുപത്രി വിട്ടു. സ്‌പൈൻ സർജറിയിൽ ഫെലോഷിപ്പ് നേടിയ സഹകരണ ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി ഡോ. ഇബാദ്ഷാ, ഓർത്തോ പീഡിക് സർജൻ ഡോ. വിഷ്ണു ആർ പിളള,അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ഷനാജ് സലീം എന്നിവരുടെ നേതൃത്വത്തിലാണ് സ്‌പൈൻ സർജറി വിജയകരമായി പൂർത്തിയായത്.