civil
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പും ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യനും സ്ഥലം സന്ദർശിച്ചു സൗകര്യങ്ങൾ വിലയിരുത്തുന്നു.

ഇടുക്കി: ജില്ലയിലെ വിദ്യാർഥികൾക്ക് സിവിൽ സർവീസ് പരിശീലനം നൽകാൻ പദ്ധതി തയ്യാറാക്കി ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും. സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സെന്റർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ കേരളയുടെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കേരള സിവിൽ സർവീസ് അക്കാദമിയുടെ സബ് സെന്ററായാണ് ജില്ലയിൽ അക്കാദമി പ്രവർത്തിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ജില്ലാ പഞ്ചായത്തുമായി ചേർന്നാണ് ഇത്തരമൊരു സ്ഥാപനം പ്രവർത്തിക്കാൻ പദ്ധതിയിടുന്നത്. ജനുവരിയിൽ ഇത് പ്രവർത്തനം ആരംഭിക്കാൻ സാധിക്കുംവിധമാണ് ഒരുക്കങ്ങൾ നടക്കുന്നത്. സിവിൽ സർവീസ് പരിശീലനത്തോടൊപ്പം സർക്കാർ തൊഴിലധിഷ്ഠിതമായ പരിശീലനങ്ങളും ഇവിടെ നൽകാൻ സാധിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പും ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യനും പരിശീലനം നൽകാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ സൗകര്യങ്ങൾ വിലയിരുത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ കെജി സത്യൻ, സെക്രട്ടറി അനിൽകുമാർ, നിർമിതി കേന്ദ്ര പ്രൊജ്ര്രക് കോർഡിനേറ്റർ ബിജു, പി. ആർ. ഡി അസിസ്റ്റന്റ് എഡിറ്റർ എൻ.ബി ബിജു തുടങ്ങിയവർ സ്ഥലം സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നു.

60 പേർക്ക്

പഠനസൗകര്യം

ജില്ലാ പഞ്ചായത്തിന് സമീപം പോളിടെക്‌നിക് കോളേജായി പ്രവർത്തിച്ചിരുന്ന ജില്ലാ പഞ്ചായത്തിന്റെ കെട്ടിടത്തിന്റെ രണ്ടാം നിലയാണ് പരിശീലനത്തിനായി പുനർനിർമ്മിക്കുന്നത്. 60 പേർക്ക് പഠിക്കാനായുള്ള ക്ലാസ്സ് റൂം സൗകര്യമാണ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. രണ്ടു ക്ലാസ് റൂം, ഒരു കോൺഫറൻസ് ഹാൾ എന്നിങ്ങനെയാകും റൂമുകൾ സജ്ജീകരിക്കുക. കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നിർമിതി കേന്ദ്രയാണ് ചെയ്യുന്നത്.