കുടയത്തൂർ: ചക്കിക്കാവ് മലനിരകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പൂവിട്ട നീലക്കുറിഞ്ഞി പൂക്കളും തൈകളും പ്രദേശത്ത് എത്തുന്നവർ നശിപ്പിക്കുന്നതായി പരാതി.മൂന്നാർ മലനിരകളിൽ പൂക്കുന്ന നീലക്കുറിഞ്ഞി ലോ റേഞ്ചിൽ പൂവിട്ടത് വലിയ വാർത്തയായിരുന്നു.ഇതേ തുടർന്ന് നീലക്കുറിഞ്ഞി പൂക്കൾ കാണാൻ നിരവധി ആളുകളാണ് ചക്കിക്കാവ് മലനിരകളിലേക്ക് എത്തുന്നത്.ഇവിടെ എത്തുന്നവരിൽ ചിലർ പൂക്കളും സസ്യവും നശിപ്പിച്ച് കളയുന്നതായി പ്രദേശവാസികൾ പറഞ്ഞു. വിസ്തൃതമായ മലനിരകളിൽ യാതൊരു നിയന്ത്രണവുമില്ലാതെ സന്ദർശകർക്ക് എത്തിച്ചേരാൻ കഴിയും. ഈ മലനിരകളുടെ ചിലയിടങ്ങളിൽ അനധികൃത കൈയേറ്റങ്ങളും ഉണ്ട്. കൈയേറ്റ മാഫിയയുടെ താത്പര്യങ്ങൾക്ക് നീലക്കുറിഞ്ഞിയുടെ വാർത്താപ്രാധാന്യം തിരിച്ചടിയാകും എന്ന് കരുതി മനപൂർവം നീലക്കുറിഞ്ഞി നശിപ്പിക്കുന്നതെന്നും നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. നീലക്കുറിഞ്ഞി ചക്കിക്കാവ് മലനിരകളിൽ പൂവിട്ടത് വാർത്താപ്രാധാന്യം നേടിയെങ്കിലും ഉത്തരവാദിത്വപ്പെട്ട അധികൃതർ ആരും പ്രദേശം സന്ദർശിക്കുകയോ നീലക്കുറിഞ്ഞി സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. അതീവ പരിസ്ഥിതി പ്രാധാന്യമായ മേഖലയായി പരിഗണിക്കേണ്ട മേഖലയോടാണ് അധികൃതർ അവഗണ കാണിക്കുന്നത്. നീലക്കുറിഞ്ഞി പൂക്കൾ സംരക്ഷിക്കാൻ അധികൃതർ അടിയന്തിരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.