ഇടുക്കി: ഇത്രയൊക്കെയായിട്ടും ഒന്നുമറിയാത്ത കുഞ്ഞുങ്ങളോടുള്ള മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതകൾക്ക് ഇടുക്കിയിൽ അറുതിയില്ല. കുമാരമംഗലത്ത് ഏഴ് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയപ്പോഴും വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കെട്ടിതൂക്കി കൊന്നപ്പോഴും സമൂഹമനസാക്ഷി ഉണരുമെന്നും ബാലപീഡനങ്ങൾ കേരളത്തിൽ ആവർത്തിക്കില്ലെന്നും കരുതിയവർക്ക് തെറ്റുപറ്റി. വീണ്ടും വീണ്ടും അതുതന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു. പരമ്പരയിൽ അവസാനത്തേതാണ് ഇന്നലെ പുറത്തുവന്ന ഏഴുവയസുകാരന്റെ കഥ. ഒന്ന് മറിയാതെ അമ്മയ്ക്കൊപ്പം സുഖമായി ഉറങ്ങുമ്പോഴായിരുന്നു ആ പിഞ്ചുബാലന്റെ തല ആ നരാധമൻ ചുറ്റികകൊണ്ട് അടിച്ചു തകർത്തത്. മുതിർന്നവർ തമ്മിലുള്ള വഴക്കിന് പാവം കുട്ടി എന്ത് പിഴച്ചു. കുട്ടിയെ സംരക്ഷിക്കാൻ ബാദ്ധ്യതയുള്ല ബന്ധു തന്നെയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് ഓർക്കുമ്പോൾ കാതും മനസും മരവിക്കുന്നു.
രണ്ടുവർഷം മുമ്പ് അമ്മയുടെ കാമുകന്റെ ക്രൂരമർദ്ദനത്തിനിരയായി തൊടുപുഴ കുമാരമംഗലത്ത് ഏഴുവയസുകാരൻ മരിച്ചതിന്റെ വേദന ഇന്നും തോർന്നു തീർന്നിട്ടില്ല. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പത്ത് ദിവസത്തോളം ചികിത്സയിലിരുന്നാണ് ആ ബാലൻ മരിച്ചത്. പിതാവിന്റെ സ്ഥാനത്ത് നിന്ന് സംരക്ഷിക്കേണ്ടയാൾ തന്നെയാണ് കുട്ടിയുടെ ജീവനെടുത്തത്. കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കവടിയാർ നന്തൻകോട് സ്വദേശി അരുൺ ആനന്ദ് (36) ജയിലിലാണ്. തൊടുപുഴ ഉണ്ടപ്ലാവിൽ വിളിച്ചിട്ട് അടുത്ത് വരാതിരുന്നതിന് അഞ്ച് വയസുകാരനെ അച്ഛന്റെ സഹോദരൻ എടുത്ത് വലിച്ചെറിഞ്ഞ സംഭവം കഴിഞ്ഞ വർഷം ഒക്ടോബർ 30നായിരുന്നു. കട്ടപ്പനയിൽ അച്ഛന്റെയും രണ്ടാനമ്മയുടെയും മർദ്ദനത്തിൽ ക്രൂരമായി പരിക്കേറ്റ് ഇപ്പോഴും സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താത്ത ഷെഫീക്ക് എന്ന ബാലൻ ഇന്നും ഉണങ്ങാത്ത മുറിപ്പാടാണ്.
നിയമങ്ങളുണ്ട്, പക്ഷേ...
കുട്ടികളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി എണ്ണമറ്റ നിയമങ്ങളും സംഘടനകളും പദ്ധതികളും നമ്മുടെ നാട്ടിലുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റി, ശിശുസംരക്ഷണ സമിതി, ചൈൽഡ് ലൈൻ, ബാലാവകാശ കമ്മിഷൻ, ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി തുടങ്ങി കേന്ദ്രത്തിലും സംസ്ഥാനത്തും എണ്ണമറ്റ സമിതികളും കമ്മിഷനുകളുമുണ്ട്. എന്നിട്ടും കുഞ്ഞുങ്ങൾക്കെതിരായ അതിക്രമം മാത്രം നിർബാധം തുടരുന്നു. എല്ലാ പഞ്ചായത്തിലും ചൈൽഡ് ലൈൻ കമ്മിറ്റികളുണ്ട് കേരളത്തിൽ. പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്‌സണായും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വൈസ് ചെയർപേഴ്‌സണുമായുള്ള കമ്മിറ്റിയിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ, കുട്ടികളുടെ പ്രതിനിധികൾ, അംഗൻവാടി ടീച്ചർ, സ്‌കൂൾ ടീച്ചർ തുടങ്ങി സാമൂഹ്യപ്രവർത്തകർ വരെ അംഗങ്ങളാണ്. കമ്മിറ്റികൾ മൂന്നുമാസം കൂടുമ്പോഴാണ് യോഗം ചേരേണ്ടത്. ഇത്തരത്തിൽ മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ബ്ലോക്ക്, ജില്ലാ തലത്തിലും ഈ കമ്മിറ്രികളുണ്ട്. നിർഭാഗ്യവശാൽ നമ്മുടെ പല പഞ്ചായത്തുകളിലും കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും കൃത്യമായി യോഗം ചേരാറില്ല.
കുട്ടികൾക്കെതിരായ പീഡനം അറിയിക്കാം
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ: 0471- 2326603
ചൈൽഡ് ലൈൻ ടോൾ ഫ്രീ നമ്പർ: 1098
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, തൊടുപുഴ: 04862- 200108
വനിതാ പൊലീസ് ഹെൽപ്പ് ലൈൻ: 1091
പൊലീസ് ഹെൽപ് ലൈൻ: 100