തൊടുപഴ: കൊവിഡ്കാലം നൽകിയ വിരഹങ്ങൾക്കും വേദനകൾക്കും വിരാമം, ഇന്ന് മുതൽ കലാലയങ്ങൾ സജീവമാകും. നീണ്ടകാലത്തെ ഓൺലൈൻ ക്ളാസുകളും പിന്നെ പരീക്ഷകൾക്ക് മാത്രം കോളേജിലെത്തിയും കോളേജ് പഠനത്തെ വിരസാക്കിയകാലങ്ങൾക്ക് വിടനൽകിയാണ് കലാലയങ്ങൾ വീണ്ടും ഉണരുന്നത്. ഇന്ന് ബിരുദം, ബിരുദാനന്തര ബിരുദം അവസാനവർഷ ക്ളാസുകളാണ് ആരംഭിക്കുന്നത്. ക്ളാസ് ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ കോളേജ് ഹോസ്റ്റലുകൾ ഇന്നലെതന്നെ തുറന്നു.കോളേജുകളിൽ അത്യാവശ്യം അറ്റകുറ്റപ്പണികൾ നടത്തിയാണ് വിദ്യാർത്ഥികളെ വരവേൽക്കുന്നത്.

ഇനിയെന്ന് തങ്ങളുടെ പ്രിയകാമ്പസ് കൊവിഡ്കാലത്തിന് മുൻപുള്ള ആ നിറപ്പകിട്ടാർന്ന കാലത്തേയ്ക്ക് എത്തുമെന്ന് ആശങ്കപ്പെട്ടിരുന്ന വിദ്യാർത്ഥികൾ ഏറെ പ്രതീക്ഷയോടെയാണ് പടികൾ വീണ്ടും കയറിവരുന്നത്. രണ്ട് വട്ടം വാക്സിനേഷൻ അടക്കം പ്രതിരോധപ്രവർത്തനങ്ങൾ സർക്കാർ തലത്തിലും സാമൂഹിക അകലമടക്കമുള്ളവ കോളേജ് അധികൃതരും ഒരുക്കേണ്ടതുണ്ട് . പരീക്ഷക്കാലത്തെപോലെ സാനിട്ടൈസറും തെർമ്മോസ്കാനറും കോളേജിൽ അധികൃതർ ഒരുക്കിയിട്ടുണ്ട്. അവസാനവർഷ വിദ്യാർത്ഥികൾ മാത്രമായതിനാൽ ആകെയുള്ളതിന്റെ പകുതിയിൽതാഴെ മാത്രമേ ഇപ്പോൾ എത്തുന്നുള്ളു എന്നത് ഒരുപരിധിവരെ അധികൃതർക്ക് അനുഗ്രഹമായിട്ടുണ്ട്. ഇതോടൊപ്പം സമയക്രമംവരുത്തിയതും ഗുണകരമാകും. സർക്കാർ നിഷ്ക്കർഷിച്ചിട്ടുള്ളത്പ്രകാരം സാമൂഹിക അകലം ക്ളാസിലും പാലിക്കുമ്പോൾ കൂടുതൽ വിദ്യാർത്ഥികളുള്ള ക്ളാസുകൾ തൽക്കാലം കോളേജ് ഹാളുകളിലേയ്ക്ക് മാറ്റി ക്രമീകരിച്ചിട്ടുണ്ട്. ഹോസ്റ്റലുകളിൽ പഴയപോലെ കൂടുതൽ വിദ്യർത്ഥികളെ ഓരോ റൂമിലും താമസിപ്പിക്കാനാവില്ല. ഇപ്പോൾ കൂടുതൽ പേർ എത്തുന്നില്ല എന്നത് താൽക്കാലിക ആശ്വാസം നൽകുന്നുണ്ട്.

പറഞ്ഞാലും പറഞ്ഞാലും തീരാത്ത കൊവിഡ്കാലത്തെ വിശേഷങ്ങൾ ഇനി കാമ്പസിൽ കേൾക്കാം. മാസ്ക്കുകളുടെ വേഷപ്പകർച്ചകൾ കാമ്പസിനെ പുതിയൊരു ലോകമാക്കി മാറ്റുകയും ചെയ്യും.