തൊടുപുഴ: ഇന്നലെ പെയ്ത കനത്ത മഴയോടനുബന്ധിച്ചുണ്ടായ ഇടിമിന്നലിൽ വ്യാപക നാശം. ഉടുമ്പന്നൂർ മഞ്ചിക്കല്ലിൽ ഉണ്ടായ ഇടിമിന്നലിൽ വീടിനു സാരമായ കേടുപാടുണ്ടായി. പൂവത്തിങ്കൽ ബിനുവിന്റെ വീടിനാണ് നാശം സംഭവിച്ചത്. വീടിന്റെ സൺഷേഡും മുറ്റത്തുള്ള മതിലും ഇടിമിന്നലിൽ തകർന്നു. വീടിന്റെ വയറിംഗും മോട്ടോറിൽ നിന്ന് വെള്ളം പമ്പു ചെയ്യുന്ന പൈപ്പും കത്തി നശിച്ചു. തൊടുപുഴ പട്ടയം കവലയിൽ ഇടിമിന്നലേറ്റ് എരുമ ചത്തു. പട്ടയംകവല വാന്തുപറമ്പിൽ ജോർജ് വർഗീസിന്റെ എരുമയാണ് ചത്തത്. ഇന്നലെ അഞ്ചോടെയായിരുന്നു സംഭവം. ഇടിമിന്നലിൽ തൊഴുത്തിന്റെ പാതിയും തകർന്നു. പശുവും തൊഴുത്തിലുണ്ടായിരുന്നെങ്കിലും ഇതിനു മിന്നലേറ്റില്ല. തൊഴുത്തിനു സമീപമുള്ള വീടിന്റെ വയറിംഗും കത്തി നശിച്ചു.